നാസി ജർമനി ഉണ്ടാക്കിയ ജൂതവിരുദ്ധ നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമൻ രക്തവും ജർമൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമൻ പൗരത്വനിയമത്തിൽ ജർമനോ അല്ലെങ്കിൽ അതുമായ ബന്ധമുള്ള രക്തമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936-ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.
കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി. ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. രാജമല്ലിയുടെ ഇല, പൂവ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 63,897 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.