Terms of Use/ml
In other languages | English · العربية · asturianu · беларуская (тарашкевіца) · български · বাংলা · català · čeština · Deutsch · Ελληνικά · English · español · suomi · français · galego · עברית · Bahasa Indonesia · italiano · 日本語 · 한국어 · македонски · മലയാളം · Nederlands · polski · português do Brasil · русский · ไทย · українська · Tiếng Việt |
---|
ഉപയോഗനിബന്ധനകൾ
നിരാകരണം: ഈ സംഗ്രഹം ഉപയോഗനിബന്ധനകളുടെയോ നിയമപ്രമാണത്തിന്റെയോ ഭാഗമല്ല. ലളിതമായി പറഞ്ഞാൽ നിബന്ധനകൾ പൂർണ്ണരൂപത്തിൽ മനസ്സിലാക്കുന്നതിനുള്ള ഒരു കൈസഹായം മാത്രമാണിത്. ഇത് ഞങ്ങളുടെ ഉപയോഗനിബന്ധനകളുടെ നിയമ-ഭാഷയുടെ ഉപയോക്തൃ-സുഹൃദ് സമ്പർക്കമുഖമായി ഇതിനെ കരുതുക. ഞങ്ങളുടെ ദൗത്യം:
|
ഞങ്ങളുടെ ഉപയോഗനിബന്ധനകൾ
ഓരോ മനുഷ്യനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് ഞങ്ങളുടെ പ്രതിബദ്ധത. – ഞങ്ങളുടെ ദർശനം
വിക്കിമീഡിയയിലേയ്ക്ക് സ്വാഗതം! സ്വതന്ത്രമായ അനുമതിയിലോ പൊതുസഞ്ചയത്തിലോ വിവരങ്ങൾ ശേഖരിക്കാനും അത് ലോകമെമ്പാടും സൗജന്യമായി നൽകാനും പൊതുജനങ്ങളെ സഹായിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലാഭേച്ഛാ രഹിത സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ, ഇൻക് (“ഞങ്ങൾ”)
ഞങ്ങളുടെ ഊർജ്ജസ്വലരായ സമൂഹത്തെ സഹായിക്കാൻ, ഞങ്ങൾ അടിസ്ഥാന സൗകര്യങ്ങളും, ബഹുഭാഷാ വിക്കി പദ്ധതികൾക്കും അവയുടെ പതിപ്പുകൾക്കും (വിശദമായി ഇവിടെ) വേണ്ട സംഘടനാ ചട്ടക്കൂടുകളും ഈ ലക്ഷ്യത്തിലെത്താൻ വേണ്ട മറ്റു കാര്യങ്ങളും നൽകുന്നു. വിദ്യാഭ്യാസസ്വഭാവമുള്ളതോ വിവരദായകങ്ങളോ ആയ ഉള്ളടക്കങ്ങൾ വിവിധ പദ്ധതികളിലൂടെ ഇന്റർനെറ്റ് വഴി സൗജന്യമായി സ്ഥിരമായി നൽകാൻ ഞങ്ങൾ ഉത്സുകരാണ്.
ഞങ്ങൾ താങ്കളെ (“താങ്കൾ” അല്ലെങ്കിൽ “ഉപയോക്താവ്”) വിക്കിമീഡിയ പദ്ധതികളിലേയ്ക്ക് ഒരു വായനക്കാരൻ/വായനക്കാരി, തിരുത്തുന്നയാൾ, ലേഖകൻ/ലേഖിക, രചയിതാവ് അല്ലെങ്കിൽ സംഭാവന ചെയ്യുന്ന ആൾ എന്ന നിലയിൽ വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നു. ഭാഗമാകുന്നതിനു മുമ്പ് ദയവായി ഈ ഉപയോഗനിബന്ധനകൾ (“ഉപയോഗനിബന്ധനകൾ”) വായിക്കാനും അംഗീകരിക്കാനും താത്പര്യപ്പെടുന്നു.
അവലോകനം
വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്ന് പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ, താങ്കളുമായി ഞങ്ങൾ പരിപാലിക്കുന്ന ബന്ധം, ഒപ്പം നമ്മെ രണ്ട് കൂട്ടരേയും മുന്നോട്ട് നയിക്കുന്ന അവകാശങ്ങൾ, കടമകൾ എന്നിവയെക്കുറിച്ച് ഈ ഉപയോഗനിബന്ധനകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. താങ്കളെപ്പോലെയുള്ള ഉപയോക്താക്കൾ സംഭാവന ചെയ്ത അസാമാന്യമായ അളവിലുള്ള വിദ്യാഭ്യാസപരവും വിജ്ഞാനദായകവുമായ ഉള്ളടക്കം ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നുണ്ടെന്ന് താങ്കൾ അറിഞ്ഞിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സാധാരണഗതിയിൽ ഞങ്ങൾ എന്തെങ്കിലും ചേർക്കുകയോ പരിപാലിക്കുകയോ മായ്ക്കുകയോ (അപൂർവ്വമായി ഈ ഉപയോഗനിബന്ധനകൾ പോലുള്ള നയങ്ങൾ അല്ലെങ്കിൽ നിയമസാധുതയ്ക്കുള്ള ഡി.എം.സി.എ. അറിയിപ്പുകൾ എന്നിവയൊഴിച്ച്) ചെയ്യാറില്ല. ഇതിനർത്ഥം ഉള്ളടക്കത്തിന്റെ പൂർണ്ണ നിയന്ത്രണം വിവരങ്ങൾ ചേർക്കുകയും പരിപാലിക്കുകയും ചെയ്യുന്ന താങ്കളുടേയും താങ്കളുടെ സഹ ഉപയോക്താക്കളുടേയും കൈകളിലാണ് എന്നാണ്. ഞങ്ങൾ ചെയ്യുന്നത് ഈ ഉള്ളടക്കം ഹോസ്റ്റ് ചെയ്യുക മാത്രമാണ്.
സമൂഹം - വിവിധങ്ങളായ സൈറ്റുകൾ അല്ലെങ്കിൽ പദ്ധതികൾ ഉപയോഗിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ഉപയോക്താക്കളുടെ ശൃംഖല - ആണ് ഈ ലക്ഷ്യം നേടാനുള്ള അടിസ്ഥാന ഘടകം. സമൂഹമാണ് ഞങ്ങളുടെ സൈറ്റുകളിലേയ്ക്കുള്ള സംഭാവന ചെയ്യുന്നതും അവ പരിപാലിക്കുന്നതും. വിവിധ പദ്ധതികൾക്കായി (അതായത് വിക്കിപീഡിയ പദ്ധതിയുടെ വിവിധ ഭാഷാ പതിപ്പുകൾ അല്ലെങ്കിൽ വിക്കിമീഡിയ കോമൺസിന്റെ ബഹുഭാഷാ പതിപ്പ്) നയങ്ങൾ നിർമ്മിക്കുക, അവ നടപ്പിലാക്കുക തുടങ്ങിയ അത്യന്താപേക്ഷങ്ങളായ പ്രവർത്തനങ്ങൾ സമൂഹമാണ് ചെയ്യുന്നത്.
സംഭാവന ചെയ്യുന്നയാളായോ, തിരുത്തുന്നയാളായോ, രചയിതാവായോ ഭാഗമാകാൻ താങ്കളെ സ്വാഗതം ചെയ്യുന്നു, അപ്പോൾ ഓരോ സ്വതന്ത്ര പദ്ധതി പതിപ്പുകളിലും പിന്തുടരുന്ന നയങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥ/ബാദ്ധ്യസ്ഥൻ ആയിരിക്കും. ഞങ്ങളുടെ പദ്ധതികളിൽ ഏറ്റവും വലുത് വിക്കിപീഡിയയാണ്, മറ്റ് പദ്ധതികളും ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നുണ്ട്, ഓരോന്നിനും വ്യത്യസ്തമായ ലക്ഷ്യവും പ്രവർത്തനരീതിയുമാണുള്ളത്. ഓരോ പദ്ധതി പതിപ്പുകളും സംഭാവകരുടേയും തിരുത്തുന്നവരുടേയും രചയിതാക്കളുടേയും ഒരു സംഘമുണ്ടാകും, അവരാണ് ആ പദ്ധതി പതിപ്പിലെ ഉള്ളടക്കം സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും. ഇത്തരം സംഘങ്ങളുടെ ഭാഗമാകാനും ഈ പദ്ധതികൾ മെച്ചപ്പെടുത്താനും താങ്കളെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി ലഭിക്കാവുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ്, ഇതിനായി താങ്കൾ സംഭാവന ചെയ്യുന്ന ഉള്ളടക്കം സ്വതന്ത്രമായ അനുവാദപത്രപ്രകാരമോ പൊതുസഞ്ചയത്തിലോ ഉള്ളതായിരിക്കണം.
താങ്കളുടെ സംഭാവനകൾക്കും, തിരുത്തലുകൾക്കും, വിക്കിമീഡിയ ഉള്ളടക്കം പുനരുപയോഗിക്കുന്നതിനും, അമേരിക്കൻ ഐക്യനാടുകളിലെ നിയമ പ്രകാരവും ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരവും (ഉള്ളടക്കം കാണാനോ തിരുത്താനോ താങ്കൾ താമസിക്കുന്ന സ്ഥലത്തെ നിയമവും ബാധകമായിരിക്കും) താങ്കളായിരിക്കും നിയമപ്രകാരം ഉത്തരവാദി എന്ന് അറിഞ്ഞിരിക്കുക. ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നർത്ഥം. ഈ ഉത്തരവാദിത്തത്തിന്റെ വെളിച്ചത്തിൽ താങ്കൾക്കെന്തെല്ലാം പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്നതിനെക്കുറിച്ച് ഞങ്ങൾ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ഇത് പ്രധാനമായും താങ്കളുടേയും താങ്കളെപ്പോലെയുള്ള മറ്റ് ഉപയോക്താക്കളുടേയും സംരക്ഷണത്തിനായാണെന്ന് അറിയുക. പൊതുവിജ്ഞാനം എന്ന് കണക്കുകൂട്ടാൻ കഴിയുന്ന ഉള്ളടക്കം മാത്രമേ ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നുള്ളു എന്ന കാര്യം മനസ്സിൽ വെയ്ക്കുക, അതായത് താങ്കൾക്ക് വിദഗ്ദ്ധോപദേശം ആവശ്യമെങ്കിൽ (അതായത് വൈദ്യശാസ്ത്രപരമോ, നിയമോപദേശമോ, സാമ്പത്തികോപദേശമോ തുടങ്ങിയവ) താങ്കൾ അതിനനുമതിയുള്ള യോഗ്യതയുള്ള പ്രൊഫഷണലിനെ സമീപിക്കേണ്ടതാണ്. ഞങ്ങൾ മറ്റ് പ്രധാന അറിയിപ്പുകളും, നിരാകരണങ്ങളും ഉൾക്കൊള്ളുന്നു, ദയവായി ഈ ഉപയോഗനിബന്ധനകൾ പൂർണ്ണമായി വായിക്കുക.
വ്യക്തതയ്ക്കായി പറയട്ടെ, പ്രാദേശിക വിക്കിമീഡിയ ചാപ്റ്ററുകളും മറ്റ് സമിതികളും പോലുള്ള സംഘടനകൾ, ഇതേ ദൗത്യം പങ്ക് വെയ്ക്കുന്നുണ്ടാകാമെങ്കിലും, വിക്കിമീഡിയ ഫൗണ്ടേഷൻ വെബ്സൈറ്റിന്റെയും അതിന്റെ ഉള്ളടക്കത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്ന് നിയമപരമായി തികച്ചും സ്വതന്ത്രമാണ്.
1. ഞങ്ങളുടെ സേവനങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ സ്വതന്ത്ര ബഹുഭാഷാ ഉള്ളടക്കം വളർത്താനും, വികസിപ്പിക്കാനും, വിതരണം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ്, അതിനാൽ തന്നെയാണ് ഈ വിക്കി അധിഷ്ഠിത പദ്ധതികളിലെ ഉള്ളടക്കമത്രയും സൗജന്യമായി പൊതുജനങ്ങൾക്കായി ഹോസ്റ്റ് ചെയ്യുന്നത് തന്നെ. ഞങ്ങളുടെ ലക്ഷ്യം സഹവർത്തിത തിരുത്തൽ വഴി സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും വലിയ കോശപദ്ധതികൾ ഹോസ്റ്റ് ചെയ്യുക എന്നതാണ്, അത് ഇവിടെ കാണാവുന്നതാണ്. എന്നിരുന്നാലും, ഞങ്ങൾ വെറുമൊരു ഹോസ്റ്റിങ് സേവനം മാത്രമേ ചെയ്യുന്നുള്ളു, അതിനായി സംരംഭഘടനയുടേയും സംഘടനയുടെയും ചട്ടക്കൂടുകൾ സൃഷ്ടിച്ച് നൽകുകയും, ഉപയോക്താക്കൾ സ്വയം ആ വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നതുമാണ്. ഞങ്ങളുടെ ഈ അദ്വിതീയമായ ജോലിയിൽ, ഏതാനം കാര്യങ്ങൾ താങ്കൾ, താങ്കളുമായും മറ്റ് ഉപയോക്താക്കളുമായും, പദ്ധതിയും ആയും ഉള്ള ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടതാണ്:
- ഞങ്ങൾ എഡിറ്റോറിയൽ ജോലികൾ ചെയ്യുന്നില്ല: വിക്കിമീഡിയ പദ്ധതികൾ സഹകരണത്താൽ തിരുത്തുന്നതും, ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഉള്ളടക്കമത്രയും താങ്കളെപ്പോലുള്ള ഉപയോക്താക്കൾ നൽകുന്നതുമാണ്, അതിനാൽ ഞങ്ങൾ എഡിറ്റോറിയൽ ജോലി ചെയ്യുന്നില്ല. ഇതിനർത്ഥം സാധാരണ ഞങ്ങൾ പദ്ധതി വെബ്സൈറ്റുകളിലെ ഉള്ളടക്കം ശ്രദ്ധിക്കുകയും തിരുത്തുകയും ചെയ്യാറില്ല എന്നാണ്. അതുപോലെ തന്നെ ഞങ്ങൾ ഞങ്ങളുടെ സേവനങ്ങളിലൂടെ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാനും ശ്രമിക്കാറില്ല, ഒപ്പം ഞങ്ങൾ സമൂഹം സമർപ്പിച്ചിട്ടുള്ള ഉള്ളടക്കത്തിന്റെ സത്യാവസ്ഥ, കൃത്യത, വിശ്വാസയോഗ്യത തുടങ്ങിയവ സംബന്ധിച്ച ഒരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഞങ്ങൾ താങ്കളുടെ സഹ ഉപയോക്താക്കൾക്ക് സംഭാവന ചെയ്യാനും തിരുത്തുവാനുമുള്ള സൗകര്യം നൽകുന്നു എന്നു മാത്രം.
- താങ്കളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം താങ്കൾക്കാണ്: വിക്കിമീഡിയ പദ്ധതികളിലെ താങ്കളുടെ തിരുത്തലുകൾക്കും സംഭാവനകൾക്കും നിയമപരമായുള്ള ഉത്തരവാദിത്തം താങ്കൾക്കാണ്, അതുകൊണ്ട് താങ്കളുടെ സുരക്ഷയ്ക്കായി താങ്കൾ സിവിലോ ക്രിമിനലോ ആയി പ്രയോഗിക്കാവുന്ന നിയമപ്രശ്നങ്ങൾ വന്നുചേരാവുന്ന ഏതെങ്കിലും ഉള്ളടക്കത്തിൽ സംഭാവന ചെയ്യുമ്പോൾ ശ്രദ്ധിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്. വ്യക്തതയ്ക്കായി പറയട്ടെ, കുറഞ്ഞപക്ഷം അമേരിക്കൻ ഐക്യനാടുകളിലെ നിയമങ്ങളെങ്കിലും കുറഞ്ഞപക്ഷം പ്രയോഗിക്കപ്പെടാവുന്ന നിയമങ്ങളിൽ ഉൾപ്പെടുന്നു. ഞങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കൂടിയും, അധികാരികൾ താങ്കൾ താമസിക്കുന്നിടത്തേയോ അല്ലെങ്കിൽ താങ്കൾ ഉള്ളടക്കം കാണുകയോ തിരുത്തുകയോ ചെയ്യുന്ന സ്ഥലത്തേയോ നിയമങ്ങൾ കൂടി ചേർക്കാൻ നോക്കിയേക്കും, എന്ന് പറയാൻ ആഗ്രഹിക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷൻ പൊതുവേ യാതൊരു വിധത്തിലുമുള്ള സംരക്ഷണമോ, ഉത്തരവാദിത്തമോ, പ്രതിരോധമോ, പ്രായശ്ചിത്തമോ നൽകുകയില്ല.
2. സ്വകാര്യതാനയം
ഞങ്ങളുടെ സ്വകാര്യതാനയം പരിശോധിക്കാൻ താത്പര്യപ്പെടുന്നു, അതുവഴി താങ്കൾക്ക് ഞങ്ങൾ താങ്കളെക്കുറിച്ചുള്ള എന്തെന്ത് വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് മനസ്സിലാകും. ഞങ്ങളുടെ സേവനങ്ങൾ ലോകമെമ്പാടും നിന്നുമുള്ള ജനങ്ങൾ ഉപയോഗിക്കുന്നതിനാൽ, ഞങ്ങൾ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ അമേരിക്കൻ ഐക്യനാടുകളിലോ ഞങ്ങളോ ഞങ്ങളുടെ പ്രതിനിധികളോ ഉള്ള പ്രധാന സൗകര്യങ്ങളുള്ള മറ്റ് രാജ്യങ്ങളിലോ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതു വഴി, അത്തരത്തിൽ വിവരങ്ങൾ താങ്കളുടെ രാജ്യത്തിനു പുറത്തേയ്ക്ക് കൊണ്ടുപോകാൻ താങ്കൾ സമ്മതിക്കുകയാണ്.
3. ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം
- നിരസിക്കേണ്ടതോ തെറ്റുള്ളതോ ആയ ചിലത് താങ്കൾക്ക് കണ്ടെത്താനായേക്കും: ഞങ്ങളുടെ സഹ ഉപയോക്താക്കൾ നിർമ്മിക്കുന്നതും ശേഖരിക്കുന്നതുമായ വിവരങ്ങളുടെ വിപുലമായ ശേഖരം ഞങ്ങൾ നൽകുന്നുണ്ട് എന്നതിനാൽ തന്നെ താങ്കൾക്ക് ചിലപ്പോൾ ആക്രമണോദ്ദേശത്തോടെയുള്ളതോ, തെറ്റുള്ളതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായി അടിയാളപ്പെടുത്തിയതോ അല്ലെങ്കിൽ മറ്റുവിധത്തിൽ നിരസിക്കേണ്ടതോ ആയ ഉള്ളടക്കം കണ്ടെത്താനായേക്കാം. അതുകൊണ്ട് തന്നെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സാമാന്യബുദ്ധി പ്രയോഗിക്കാനും ശരിയായ കാര്യങ്ങൾ മനസ്സിലാക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു.
- ഞങ്ങൾ നൽകുന്ന ഉള്ളടക്കം പൊതുവിവരദായകം മാത്രമാണ്: വിദഗ്ദ്ധ വിഷയങ്ങളുള്ള ഉള്ളടക്കം, അതായത് വൈദ്യശാസ്ത്ര, നിയമ, സാമ്പത്തിക വിഷയ സംബന്ധികളായവ, ഞങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഈ വിവരങ്ങൾ പൊതുവേ വിവരദായകങ്ങൾ മാത്രമാണ്. അവ വിദഗ്ദ്ധോപദേശമായി കണക്കാക്കരുത്. അത്തരം കാര്യങ്ങൾക്കായി പദ്ധതി വെബ്സൈറ്റുകളിലെ വിവരങ്ങൾക്കോ, അഭിപ്രായങ്ങൾക്കോ അല്ലെങ്കിൽ ഉപദേശത്തിനോ പകരം ദയവായി അതിന് അവകാശമുള്ള സ്വതന്ത്ര വിദഗ്ദ്ധരുടെ ഉപദേശം നേടുക.
4. ചില പ്രവൃത്തികൾ തടഞ്ഞിരിക്കുന്നു
താങ്കളെപ്പോലെയുള്ള ഉപയോക്താക്കളുടെ ഊർജ്ജസ്വലമായ സമൂഹം സഹകരണമനോഭാവത്തോടെ എഴുതുവാനും തിരുത്തലുകൾ വരുത്തുവാനും പരിപാലിക്കാനും ഉള്ളതുകൊണ്ട് മാത്രമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഹോസ്റ്റ് ചെയ്യുന്ന പദ്ധതികൾ നിലനിൽക്കുന്നത്. ഈ സമൂഹത്തിൽ ഭാഗഭാക്കാകാൻ ഞങ്ങൾ താങ്കളേയും സന്തോഷത്തോടെ ക്ഷണിക്കുന്നു. മറ്റുള്ളവരോട് വിനയത്തോടെയും മര്യാദയോടെയും ആകണം താങ്കളുടെ ആശയവിനിമയങ്ങൾ എന്ന് ഞങ്ങൾ താത്പര്യപ്പെടുന്നു, ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കാനും, ഒപ്പം പങ്കാളിത്ത പദ്ധതിയുടെ ദൗത്യം ലക്ഷ്യമാക്കിയുള്ളതാവണം താങ്കളുടെ തിരുത്തലുകളും സംഭാവനകളും എന്നും ഞങ്ങളാഗ്രഹിക്കുന്നു.
ചില പ്രവൃത്തികൾ, അവ നിയമവിധേയമോ നിയമവിരുദ്ധമോ ആകാം, മറ്റ് ഉപയോക്താക്കൾക്ക് ദോഷകരവും ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്നതും ആയേക്കാം, ചില പ്രവൃത്തികൾ താങ്കളുടെ പ്രവൃത്തികൾ താങ്കളുടെ സ്വന്തം ഉത്തരവാദിത്തത്തിലുമായേക്കാം. അതുകൊണ്ട് താങ്കളുടെ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും താങ്കൾ അത്തരത്തിലുള്ള പ്രവൃത്തികൾ ഞങ്ങളുടെ സൈറ്റുകളിൽ ചെയ്യരുതെന്ന് താത്പര്യപ്പെടുന്നു. ഇത്തരം പ്രവർത്തികളിൽ ചിലത് ഇനിക്കൊടുക്കുന്നു:
- മറ്റുള്ളവരെ ദ്രോഹിക്കുകയോ ചീത്തവിളിക്കുകയോ ചെയ്യൽ
- ദ്രോഹിക്കൽ, ഭീഷണിപ്പെടുത്തൽ, പുറകേ നടന്ന് ശല്യം ചെയ്യൽ, പാഴെഴുത്ത് ചേർക്കൽ അല്ലെങ്കിൽ നശീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടൽ; ഒപ്പം
- ചങ്ങല മെയിലുകൾ, കുപ്പ മെയിലുകൾ അഥവാ പാഴെഴുത്തുകൾ തുടങ്ങിയവ മറ്റ് ഉപയോക്താക്കൾക്ക് അയയ്ക്കൽ.
- മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനം
- മറ്റുള്ളവരുടെ സ്വകാര്യത അമേരിക്കൻ ഐക്യനാടുകളിലെ നിയമങ്ങൾക്ക് വിരുദ്ധമായി അല്ലെങ്കിൽ ബാധകമായ നിയങ്ങൾക്ക് വിരുദ്ധമായി (ഇവയിൽ താങ്കൾ താമസിക്കുന്നയിടത്തെ അല്ലെങ്കിൽ താങ്കൾ ഉള്ളടക്കം കാണുന്ന അഥവാ തിരുത്തുന്ന സ്ഥലത്തെ നിയമങ്ങളും ഉൾപ്പെടാം) ലംഘിക്കുക;
- ദ്രോഹിക്കൽ, ചൂഷണം, സ്വകാര്യതയുടെ ലംഘനം അല്ലെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സ്പഷ്ടമായി അംഗീകാരം നൽകാത്ത എന്തെങ്കിലും പരസ്യപ്രചാരവേലയുടെ ഭാഗമായി വ്യക്തികളെ തിരിച്ചറിയാനാകുന്ന വിവരങ്ങൾ വെളിപ്പെടുത്തുക;
- പതിനെട്ട് വയസ്സിനു താഴെയുള്ള വ്യക്തികളെ തിരിച്ചറിയാനാകുന്ന വിവരങ്ങൾ, നിയമവിരുദ്ധമായ ഉദ്ദേശങ്ങൾക്കോ അല്ലെങ്കിൽ ആരോഗ്യസംബന്ധിയായി ബാധകമായ എന്തെങ്കിലും നിയമം ലംഘിക്കുന്ന രീതിയിലോ അഥവാ പ്രായപൂർത്തിയാകാത്തവരുടെ ജീവിതത്തിനു തടസ്സമുണ്ടാക്കുന്ന രീതിയിലോ വെളിപ്പെടുത്തുക.
- തെറ്റായ പ്രസ്താവനകൾ, ആൾമാറാട്ടം, വഞ്ചന എന്നിവയിലേർപ്പെടൽ
- മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് വിധേയത്വമോ അവമതിയോ ഉണ്ടാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ;
- വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായതോ, കൃത്യമല്ലാത്തതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ;
- മറ്റൊരു ഉപയോക്താവായോ വ്യക്തിയായോ ആൾമാറാട്ടം നടത്തുക, ഒരു വ്യക്തിയുമായി അല്ലെങ്കിൽ പ്രസ്ഥാനവുമായി താങ്കൾക്കുള്ള ബന്ധത്തെ തെറ്റായി പ്രതിനിധീകരിക്കുക, അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിന്റെ ഉപയോക്തൃനാമം വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോറ്റിക്കുക തുടങ്ങിയവയ്ക്കുള്ള ശ്രമം;
- വഞ്ചനാത്മകമായ കാര്യങ്ങളിൽ ഏർപ്പെടുക.
- ലംഘനങ്ങൾ ചെയ്യൽ
- പകർപ്പവകാശങ്ങൾ, വ്യാപാരമുദ്രകൾ, പേറ്റന്റുകൾ, അല്ലെങ്കിൽ മറ്റ് കുത്തകാവകാശമുള്ള അവകാശങ്ങൾ തുടങ്ങിയവയ്ക്ക് ബാധകമായ നിയമത്തിന്റെ ലംഘനം.
- ഞങ്ങളുടെ സേവനങ്ങൾ മറ്റ് നിയമവിരുദ്ധമായ ഉദ്ദേശങ്ങൾക്ക് ദുരുപയോഗം ചെയ്യൽ
- കുട്ടികളുടെ നഗ്നചിത്രങ്ങൾ ചേർക്കൽ അല്ലെങ്കിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള ബാധകമായ നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ചേർക്കൽ;
- ബാധകമായ നിയമങ്ങൾക്കനുസരിച്ച് നിയമവിരുദ്ധമായി വരുന്ന അശ്ലീല ഘടകങ്ങൾ ചേർക്കൽ അല്ലെങ്കിൽ വിതരണം ചെയ്യൽ;
- ബാധകമായ നിയമങ്ങൾക്ക് വിരുദ്ധമായി സേവനങ്ങൾ ഉപയോഗിക്കൽ.
- സൗകര്യങ്ങളുടെ തടസ്സപ്പെടുത്തലുദ്ദേശത്തോടെയുള്ള, നിയമവിരുദ്ധ ദുരുപയോഗത്തിൽ ഇടപെടൽ'
- വൈറസുകൾ, മാൽവേർ, വേമുകൾ, ട്രോജൻ കുതിരകൾ, പ്രശ്നകാരിയായ കോഡ് അല്ലെങ്കിൽ ഞങ്ങളുടെ അല്ലെങ്കിൽ ഞങ്ങളുടെ ഉപയോക്താക്കളുടെ സാങ്കേതികവ്യവസ്ഥയെ തകരാറിലാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ അല്ലെങ്കിൽ വിതരണം ചെയ്യൽ;
- വിക്കിമീഡിയ സമൂഹം അംഗീകരിക്കാത്ത, സേവനങ്ങളുടെ ദുരുപയോഗമെന്നോ തടസ്സപ്പെടുത്തൽ സ്വഭാവമുള്ളതോ ആയ സ്വയം പ്രവർത്തിത മാർഗ്ഗങ്ങളിൽ ഏർപ്പെടൽ;
- പദ്ധതി വെബ്സൈറ്റുകളിൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലകളിൽ അല്ലെങ്കിൽ പദ്ധതി വെബ്സൈറ്റുമായി ബന്ധപ്പെട്ട സെർവറുകളിൽ അനാവശ്യ തടസ്സം സ്ഥാപിച്ച് സേവനങ്ങൾക്ക് വിഘാതം സൃഷ്ടിക്കൽ;
- പദ്ധതി വെബ്‌സൈറ്റുകൾ അതിന്റെ പ്രഖ്യാപിത ഉദ്ദേശത്തിന്റെ ഗൗരവകരമായ ഉപയോഗോദ്ദേശത്തോടെയല്ലാതെ അനാവശ്യ അഭ്യർത്ഥനകളുടെ വേലിയേറ്റം സൃഷ്ടിച്ച് ഏതെങ്കിലും പദ്ധതി വെബ്സൈറ്റിന്റെ ആശയവിനിമയത്തിന്റെ അല്ലെങ്കിൽ അതിലെ ഗതിവിഗതികളുടെ സേവനം തടസ്സപ്പെടുത്തൽ;
- അറിഞ്ഞുകൊണ്ട് ഞങ്ങളുടെ കമ്പ്യൂട്ടർ വ്യവസ്ഥയുടെ സാർവ്വജനികമല്ലാത്ത ഭാഗങ്ങൾ അംഗീകാരമല്ലാതെ എടുത്തുനോക്കൽ, അതിലിടപെടൽ അല്ലെങ്കിൽ ഉപയോഗിക്കൽ;
- താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ഞങ്ങളുടെ സാങ്കേതികവ്യവസ്ഥയിലെ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയിലെ അന്വേഷിക്കൽ, തിരയൽ അല്ലെങ്കിൽ അതിലെ കേടുപാടുകൾ പരീക്ഷിക്കൽ:
- അത്തരം പ്രവൃത്തികൾ ഞങ്ങളുടെ സാങ്കേതികവ്യവസ്ഥ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖല അനുചിതമായി ദുരുപയോഗം ചെയ്യുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാത്ത വിധം;
- അത്തരം പ്രവൃത്തികളുടെ താങ്കളുടെ വ്യക്തിപരമായ ലാഭത്തിന് (താങ്കളുടെ പ്രവൃത്തിയുടെ അംഗീകാരം ഒഴിച്ച്) ഉപയോഗിക്കാത്ത വിധം;
- ഏതെങ്കിലും കേടുപാടുകൾ മീഡിയവിക്കി ഡെവലപ്പേഴ്സിനെ അറിയിക്കുന്ന (അല്ലെങ്കിൽ താങ്കൾ തന്നെ ശരിയാക്കുന്ന) പക്ഷം;
- അത്തരം പ്രവൃത്തികൾ താങ്കൾ ദോഷകരമോ നശീകരണോദ്ദേശത്തോടെയോ അല്ല ചെയ്യുന്നതെങ്കിൽ.
മേൽപ്പറഞ്ഞ നിബന്ധനകൾ നടപ്പിൽ വരുന്നതിന്റെ വിവേചനാവകാശം ഞങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും.
5. രഹസ്യവാക്കിന്റെ സുരക്ഷ
താങ്കളുടെ സ്വന്തം രഹസ്യവാക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം താങ്കൾക്കു തന്നെയാണ്, അത് മൂന്നാമതൊരാൾക്ക് ഒരിക്കലും വെളിവാക്കരുത്.
6. വ്യാപാരമുദ്രകൾ
പദ്ധതി വെബ്സൈറ്റുകളിലെ ഉള്ളടക്കം പുനരുപയോഗം ചെയാൻ ഗണ്യമായ സ്വാതന്ത്ര്യം താങ്കൾക്കുണ്ടെങ്കിലും, സുപ്രധാനമായ കാര്യം, ഞങ്ങളുടെ ഉപയോക്താക്കളെ വഞ്ചനോദ്ദേശത്തോടെ പ്രവർത്തിക്കുന്ന ആൾമാറാട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ വിക്കിമീഡിയ ഫൗണ്ടേഷൻ അതിന്റെ വ്യാപാരാമുദ്രാവകാശങ്ങൾ കർശനമായി സൂക്ഷിക്കുന്നു. ഇക്കാരണത്താൽ താങ്കൾ ഞങ്ങളുടെ വ്യാപാരമുദ്രകളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്നു. എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ വ്യാപാരമുദ്രകളും വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമാണ്, ഞങ്ങളുടെ വ്യാപാരനാമങ്ങൾ, വ്യാപാരമുദ്രകൾ, സേവന അടയാളപ്പെടുത്തലുകൾ, ലോഗോകൾ, ഡൊമൈൻ പേരുകൾ മുതലായവ ഈ ഉപയോഗനിബന്ധനകൾക്കും വ്യാപാരമുദ്രാനയത്തിനും യോജിക്കുന്ന വിധത്തിൽ ആയിരിക്കണം ഉപയോഗിക്കേണ്ടത്.
7. ഉള്ളടക്കത്തിന്റെ അനുമതി നൽകൽ
സ്വതന്ത്ര വിജ്ഞാനത്തിന്റെയും സ്വതന്ത്ര സംസ്കാരത്തിന്റെയും പൊതുമണ്ഡലം വളർത്തുന്നതിനായി, പദ്ധതികളിൽ സംഭാവന ചെയ്യുന്ന എല്ലാ ഉപയോക്താക്കളും, ശരിയായവിധത്തിൽ കടപ്പാട് നൽകുകയും സമാന അനുമതിയിൽ തന്നെ ഏതൊരു വ്യുൽപ്പന്നവും പുനരുപയോഗിക്കുകയും പുനർവിതരണം ചെയ്യുകയും ചെയ്യുന്ന പക്ഷം, തങ്ങളുടെ സംഭാവനകൾ പൊതുജനങ്ങൾക്ക് പുനർവിതരണം ചെയ്യാനും പുനരുപയോഗം ചെയ്യാനും കഴിയും വിധം വിശാലമായ സ്വതന്ത്ര അനുമതികൾ നൽകേണ്ടതുണ്ട്. സാധ്യമായത്ര വലിയ പ്രേക്ഷകർക്ക് സ്വതന്ത്രമായ വിവരങ്ങൾ നൽകുക എന്ന നമ്മുടെ ലക്ഷ്യത്തോട് ചേരാൻ, നാം സമർപ്പിക്കുന്ന എല്ലാ ഉള്ളടക്കവും അത് ആവശ്യമുള്ള ആർക്കും സ്വതന്ത്രമായി പുനരുപയോഗിക്കാൻ കഴിയും വണ്ണം അനുമതി നൽകേണ്ടതുണ്ട്.
താഴെക്കൊടുക്കുന്ന അനുമതിനൽകൽ മാനദണ്ഡങ്ങൾ താങ്കൾ അംഗീകരിക്കണം:
- താങ്കൾക്ക് പകർപ്പവകാശമുള്ള എഴുത്ത്:താങ്കൾക്ക് പകർപ്പവകാശമുള്ള എഴുത്തുകൾ സമർപ്പിക്കുന്നത്, ഇനിക്കൊടുക്കുന്ന അനുമതിയിലാണ്:
- ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 3.0 അൺപോർട്ടഡ് (“സിസി ബൈ-എസ്എ”), ഒപ്പം
- ഗ്നു സ്വതന്ത്ര പ്രമാണ അനുമതി (“ജി.എഫ്.ഡി.എൽ.”) (പതിപ്പില്ലാതെ, മാറ്റമില്ലാത്ത ഭാഗങ്ങളോ, മുൻചട്ട എഴുത്തോ, പിൻചട്ട എഴുത്തോ ഇല്ലാതെ).
ഇതിനുള്ള ഏക അപവാദം ഏതെങ്കിലുമൊരു പദ്ധതി പതിപ്പോ വിശേഷഗുണമോ വ്യത്യസ്തമായൊരു അനുമതി ആവശ്യപ്പെടാം എന്നുള്ളത് മാത്രമാണ്. അത്തരം സന്ദർഭങ്ങളിൽ ആ പ്രത്യേക അനുമതിയിൽ താങ്കളുടെ എഴുത്തുകൾ താങ്കൾ സംഭാവന ചെയ്തിരിക്കേണ്ടതാണ്. ഉദാഹരണത്തിന്, ഉപയോഗനിബന്ധനകളുടെ ഈ പതിപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ഇംഗ്ലീഷ് വിക്കി വാർത്തകൾ എല്ലാ എഴുത്തും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.5 അനുമതിയിൽ (സിസി ബൈ 2.5) പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നു ഒപ്പം അതിൽ ജി.എഫ്.ഡി.എൽ. ഉപയോഗിച്ചുള്ള ഇരട്ട അനുമതി നൽകൽ ആവശ്യവുമില്ല.
ഈ അനുമതിപത്രങ്ങൾ, അതിലെ നിബന്ധനകൾ പാലിക്കുന്ന കാലത്തോളം, താങ്കളുടെ സംഭാവനകൾ വ്യാപാരോദ്ദേശത്തോടെ ഉപയോഗിക്കാനും അനുവാദം നൽകുന്നുണ്ടെന്നത് ദയവായി ശ്രദ്ധിക്കുക. - കടപ്പാട്: ഈ അനുമതിപത്രങ്ങളിൽ കടപ്പാട് സുപ്രധാനമാണ്. കടപ്പാട് നൽകാൻ സാധിക്കുന്നിടത്തെല്ലാം താങ്കളെപ്പോലെയുള്ള ഉപയോക്താക്കൾക്ക് കടപ്പാട് ലഭിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. താങ്കൾ ഒരു എഴുത്ത് സംഭാവന ചെയ്യുമ്പോൾ, താഴെപ്പറയുന്ന രീതിയിലേതെങ്കിലും വിധത്തിൽ കടപ്പാട് നൽകേണ്ടതാണെന്നാണ് താങ്കൾ അംഗീകരിക്കുന്നത്:
- ഹൈപ്പർലിങ്ക് (സാദ്ധ്യമായിടത്തെല്ലാം) അല്ലെങ്കിൽ താങ്കൾ സംഭാവന ചെയ്ത ലേഖനത്തിലേയ്ക്കുള്ള യൂ.ആർ.എൽ. വഴി (എല്ലാ ലേഖനങ്ങളുടെയും നാൾവഴി താളിൽ എല്ലാ രചയിതാക്കളുടേയും തിരുത്തലുകൾ വരുത്തിയവരുടേയും വിവരങ്ങൾ ലഭ്യമായതിനാൽ);
- ഹൈപ്പർലിങ്ക് വഴി (സാദ്ധ്യമായിടത്തെല്ലാം) അല്ലെങ്കിൽ പകരമായി യൂ.ആർ.എൽ. നൽകി, സ്ഥിരതയുള്ള ഓൺലൈൻ പകർപ്പ് സ്വതന്ത്രമായി ലഭ്യമായിരിക്കണം, ഇത് അനുമതി ഉറപ്പാക്കുകയും പദ്ധതി വെബ്സൈറ്റിൽ കടപ്പാട് നൽകിയിരിക്കുന്നതിനു സമാനമായി രചയിതാക്കൾക്ക് കടപ്പാട് നൽകുകയും ചെയ്യുന്നു;
- എല്ലാ രചയിതാക്കളുടെയും പൂർണ്ണമായ പട്ടിക നൽകി (പക്ഷേ രചയിതാക്കളുടെ ഏതൊരു പട്ടികയും വളരെച്ചെറിയതോ അപ്രസക്തമോ ആയ സംഭാവനകൾ ചെയ്തവരെ അരിച്ച് നീക്കിയേക്കാം).
- എഴുത്ത് ഇറക്കുമതി ചെയ്യൽ: മറ്റെവിടെയെങ്കിലും കണ്ടെത്തുന്നതോ മറ്റാരുടെയെങ്കിലും കൂടെ താങ്കൽ രചിച്ചതോ ആയ എഴുത്തുകൾ താങ്കൾക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്, പക്ഷേ ഇരു സന്ദർഭങ്ങളിലും എഴുത്ത് സി.സി. ബൈ-എസ്.എ 3.0 അനുമതിയ്ക്ക് (അല്ലെങ്കിൽ, മുകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, പദ്ധതി ആവശ്യപ്പെടുന്ന മറ്റൊരു അനുമതിയ്ക്ക്) യോജ്യമായിരിക്കണം. (സി.സി. ബൈ-എസ്.എ). ജി.എഫ്.ഡി.എൽ.-ൽ മാത്രം ലഭ്യമായ ഉള്ളടക്കം അനുവദനീയമല്ല.
- എഴുത്ത്-അല്ലാത്ത മാദ്ധ്യമങ്ങൾ: പദ്ധതികളിലെ എഴുത്ത്-അല്ലാത്ത മാദ്ധ്യമങ്ങൾ പൊതുലക്ഷ്യമായ പരിമിതികളില്ലാതെ പുനരുപയോഗവും പുനർവിതരണവും പിന്തുണയ്ക്കുന്ന വിധത്തിൽ വ്യത്യസ്തങ്ങളായ വിവിധ അനുമതികളിൽ ലഭ്യമാണ്. എഴുത്ത്-അല്ലാത്ത മാദ്ധ്യമങ്ങൾ സംഭാവന ചെയ്യുമ്പോൾ അവയിലെ അനുമതികൾ നമ്മുടെ അനുമതിനൽകൽ നയവുമായി യോജിക്കുന്നതായിരിക്കണം, അതേ പോലെ തന്നെ ഒരു പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുന്ന എഴുത്ത്-അല്ലാത്ത മാദ്ധ്യമം ആ പ്രത്യേക പദ്ധതി പതിപ്പിലെ നിലപാടുകൾക്കും യോജിക്കുന്നതാവണം. എഴുത്ത്-അല്ലാത്ത മാദ്ധ്യമങ്ങൾ സംഭാവന ചെയ്യാൻ വിക്കിമീഡിയ കോമൺസിൽ ഉപയോഗിക്കുന്ന അനുമതി നൽകൽ നയവും ഒപ്പം കാണുക.
- അനുമതി പിൻവലിക്കാനാവില്ല: ഈ ഉപയോഗനിബന്ധനകൾ പ്രകാരം വിക്കിമീഡിയ പദ്ധതികളിലേയ്ക്കോ സൗകര്യങ്ങളിലേയ്ക്കോ താങ്കൾ സംഭാവന ചെയ്യുന്ന ഉള്ളടക്ക എഴുത്തിന്റെയോ എഴുത്തിതര മാദ്ധ്യമങ്ങളുടെയോ ഏതെങ്കിലും അനുമതി, അവകാശം താങ്കൾക്ക് സ്ഥിരമായിരിക്കുമ്പോഴും, താങ്കൾക്ക് ഏകപക്ഷീയമായി പിൻവലിക്കാനോ അസാധുവാക്കാനുള്ള മാർഗ്ഗങ്ങൾ നോക്കാനോ കഴിയില്ല എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്, ഞങ്ങളുടെ സേവനങ്ങൾ താങ്കൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നുവെങ്കിൽ കൂടി അത് സാദ്ധ്യമാവില്ല.
- പൊതുസഞ്ചയത്തിലുള്ള ഉള്ളടക്കം: പൊതുസഞ്ചയത്തിലുള്ള ഉള്ളടക്കത്തിന് സുസ്വാഗതം! പ്രത്യേക പദ്ധതി പതിപ്പിന്റെ ആവശ്യപ്രകാരം പൊതുസഞ്ചയ അവസ്ഥ അമേരിക്കൻ ഐക്യനാടുകളിൽ നിയമത്തിനു കീഴിലും ബാധകമായ മറ്റ് രാജ്യങ്ങളിൽ നിയമങ്ങൾക്ക് കീഴിലും താങ്കൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന കാര്യം സുപ്രധാനമാണ്. താങ്കൾ ഉള്ളടക്കം പൊതുസഞ്ചയത്തിൽ പ്രസ്സിദ്ധീകരിക്കുമ്പോൾ, അത് ശരിക്കും പൊതുസഞ്ചയത്തിലാണെന്നും, അക്കാര്യം കാണിക്കാൻ അനുയോജ്യമായ വിധത്തിൽ അത് അടയാളപ്പെടുത്തുകയും ചെയ്യാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്.
- പുനരുപയോഗം: ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം പുനരുപയോഗം ചെയ്യുന്നത് സ്വാഗതം ചെയ്യുന്നു, എങ്കിലും പകർപ്പവകാശ നിയമപ്രകാരം ന്യായോപയോഗം ആയി സംഭാവന ചെയ്ത ഉള്ളടക്കങ്ങളും സമാനമായ അപവാദങ്ങളും ഇതിനു വിരുദ്ധമായി വരാറുണ്ട്. ഏതൊരു പുനരുപയോഗവും താഴെക്കൊടുത്തിരിക്കുന്ന അനുമതി (അനുമതികൾ) പ്രകാരമായിരിക്കണം.
വിക്കിമീഡിയ സമൂഹം വികസിപ്പിച്ച ഉള്ളടക്ക താൾ താങ്കൾ പുനരുപയോഗിക്കുമ്പോഴോ പുനർവിതരണം ചെയ്യുമ്പോഴോ, താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും വിധത്തിൽ രചയിതാക്കൾക്ക് കടപ്പാട് നൽകാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്:- ഹൈപ്പർലിങ്ക് (സാദ്ധ്യമായിടത്തെല്ലാം) അല്ലെങ്കിൽ താങ്കൾ പുനരുപയോഗിക്കുന്ന താളിലേയ്ക്കോ താളുകളിലേയ്ക്കോ ഉള്ള യൂ.ആർ.എൽ. വഴി (എല്ലാ ലേഖനങ്ങളുടെയും നാൾവഴി താളിൽ എല്ലാ രചയിതാക്കളുടേയും തിരുത്തലുകൾ വരുത്തിയവരുടേയും വിവരങ്ങൾ ലഭ്യമായതിനാൽ);
- ഹൈപ്പർലിങ്ക് വഴി (സാദ്ധ്യമായിടത്തെല്ലാം) അല്ലെങ്കിൽ പകരമായി യൂ.ആർ.എൽ. നൽകി, സ്ഥിരതയുള്ള ഓൺലൈൻ പകർപ്പ് സ്വതന്ത്രമായി ലഭ്യമായിരിക്കണം, ഇത് അനുമതി ഉറപ്പാക്കുകയും പദ്ധതി വെബ്സൈറ്റിൽ കടപ്പാട് നൽകിയിരിക്കുന്നതിനു സമാനമായി രചയിതാക്കൾക്ക് കടപ്പാട് നൽകുകയും ചെയ്യുന്നു;
- എല്ലാ രചയിതാക്കളുടെയും പൂർണ്ണമായ പട്ടിക നൽകി (പക്ഷേ രചയിതാക്കളുടെ ഏതൊരു പട്ടികയും വളരെച്ചെറിയതോ അപ്രസക്തമോ ആയ സംഭാവനകൾ ചെയ്തവരെ അരിച്ച് നീക്കിയേക്കാം).
എഴുത്ത് ഉള്ളടക്കം മറ്റൊരു സ്രോതസ്സിൽ നിന്ന് ഇറക്കുമതി ചെയ്തതാണെങ്കിൽ, അത് സി.സി. ബൈ-എസ്.എ അനുമതിയ്ക്ക് അനുരൂപമായ അനുമതി മാത്രം, ജി.എഫ്.ഡി.എൽ. എല്ലാതെ (മുകളിൽ "എഴുത്ത് ഇറക്കുമതി ചെയ്യൽ" ഭാഗത്ത് വിവരിച്ചിരിക്കുന്നതു പോലെ) നൽകിയതാവാം. അങ്ങനെയെങ്കിൽ സി.സി. ബൈ-എസ്.എ അനുമതിയ്ക്ക് അനുരൂപമായ അനുമതിയിൽ മാത്രമേ താങ്കൾക്ക് ഉപയോഗിക്കാൻ കഴിയൂ എന്നും, ജി.എഫ്.ഡി.എൽ അനുമതിയിൽ പുനരനുമതി നൽകാൻ കഴിയില്ലെന്നും താങ്കൾ സമ്മതിക്കുന്നുണ്ട്. ഉള്ളടക്കം പുനരുപയോഗം ചെയ്യാനും പുനർവിതരണം ചെയ്യാനും ബാധകമാകുന്ന അനുമതിയെ കുറിച്ച് അറിയാൻ താളിന്റെ അടിക്കുറിപ്പ്, താളിന്റെ നാൾവഴി, താളിന്റെ സംവാദം താൾ എന്നിവ പരിശോധിക്കുക.
കൂടുതലായി, ബാഹ്യസ്രോതസ്സുകളിൽ നിന്ന് ഒരു പദ്ധതിയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന എഴുത്തുകൾക്ക് അധിക കടപ്പാട് ആവശ്യങ്ങൾ പാലിക്കേണ്ട അനുമതിയിലായിരിക്കണം എന്നും അറിഞ്ഞിരിക്കുക. ഇത്തരം അധിക കടപ്പാട് ആവശ്യങ്ങൾ വ്യക്തമായി നൽകാമെന്ന് ഉപയോക്താക്കൾ സമ്മതിക്കുന്നുണ്ട്. പദ്ധതിക്കനുസരിച്ച്, അത്തരം ആവശ്യങ്ങൾ ഒരു എഴുത്തുപട്ടയിലോ മറ്റെന്തെങ്കിലും വിധത്തിലോ എഴുത്ത് ശരിക്കും പ്രസിദ്ധീകരിച്ചത് മറ്റെവിടെയെങ്കിലുമാകും എന്ന് നൽകിയിട്ടുണ്ടായിരിക്കും. അത്തരം കുറിപ്പുകൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ, പുനരുപയോഗം ചെയ്യുന്നവർ അവ മാറ്റം കൂടാതെ നിലനിർത്തേണ്ടതാണ്.
എഴുത്ത് അല്ലാത്ത മാദ്ധ്യമങ്ങളിൽ, സൃഷ്ടി ലഭ്യമായിട്ടുള്ള ഏതൊരു അനുമതിയാണെങ്കിലും അത് പരിപാലിച്ചുകൊള്ളാം എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട് (സൃഷ്ടിയിൽ ഞെക്കി, അതിന്റെ വിവരണ താൾ എടുത്ത് അതിലെ അനുമതി ഭാഗം നോക്കിയോ, സൃഷ്ടിയുടെ സ്രോതസ്സ് താൾ പരിശോധിച്ചോ ഇത് കണ്ടുപിടിക്കാവുന്നതാണ്). ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഏതൊരു ഉള്ളടക്കവും പുനരുപയോഗം ചെയ്യുമ്പോൾ ശരിയായ വിധത്തിൽ, അതിന്റെ അനുമതിയിലോ അനുമതികളിലോ പറയും വിധം കടപ്പാട് നൽകാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. - താങ്കൾ പുനരുപയോഗം ചെയ്യുന്നവയിലെ മാറ്റം വരുത്തലുകളും, കൂട്ടിച്ചേർക്കലുകളും: പദ്ധതി വെബ്സൈറ്റുകളൊന്നിൽ നിന്നും എടുത്ത എഴുത്തുകളിൽ മാറ്റം വരുത്തുമ്പോഴോ, കൂടുതൽ ചേർക്കുമ്പോഴോ മാറ്റം വരുത്തിയ അഥവാ കൂട്ടിച്ചേർത്ത ഉള്ളടക്കം സി.സി. ബൈ-എസ്.എ 3.0 അല്ലെങ്കിൽ അതിലും പുതിയ പതിപ്പുകൾ അനുസരിച്ച് അനുമതി നല്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട് (അല്ലെങ്കിൽ, മുകളിൽ പറഞ്ഞിരിക്കുന്നതു പ്രകാരം, ഒരു പ്രത്യേക പദ്ധതിയോ സൗകര്യമോ ആവശ്യപ്പെടുന്ന മറ്റൊരു അനുമതി).
പദ്ധതി വെബ്സൈറ്റുകളൊന്നിൽ നിന്നും എടുത്ത എഴുത്ത്-ഇതര മാദ്ധ്യമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോഴോ, കൂടുതൽ ചേർക്കുമ്പോഴോ, മാറ്റം വരുത്തിയ അഥവാ കൂട്ടിച്ചേർത്ത ഉള്ളടക്കത്തിന്റെ അനുമതി സൃഷ്ടിയ്ക്കു നൽകിയിരിക്കുന്ന അനുമതിക്കനുസരിച്ച് ആയിരിക്കും എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്.
എഴുത്ത് ഉള്ളടക്കമായാലും എഴുത്തിതര ഉള്ളടക്കമായാലും യഥാർത്ഥ സൃഷ്ടിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമായി അടയാളപ്പെടുത്താമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്.. എഴുത്തുള്ളടക്കം ഒരു വിക്കിയിലാണ് പുനരുപയോഗിക്കുന്നതെങ്കിൽ, താളിന്റെ നാൾവഴിയിൽ താങ്കൾ വരുത്തിയ മാറ്റം ഇറക്കുമതി ചെയ്ത എഴുത്താണെന്ന് അടയാളപ്പെടുത്തുന്നത് മതിയാവും. താങ്കൾ പകർത്തിയ അല്ലെങ്കിൽ മാറ്റംവരുത്തിയ ഓരോ പതിപ്പിലും സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ട അനുമതി പ്രകാരം അനുമതി നൽകുന്നതാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്, ഒപ്പം അനുമതിയുടെ ഹൈപ്പർലിങ്കോ യൂ.ആർ.എല്ലോ അല്ലെങ്കിൽ അനുമതിയുടെ പകർപ്പ് അപ്പാടെയോ നൽകാമെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്.
സിസി ബൈ-എസ്എ അനുമതിയിലുള്ള കടപ്പാട് ആവശ്യമുള്ള എഴുത്ത് താങ്കൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ, ന്യായമായ രീതിയിൽ താങ്കൾ രചയിതാവിന് (രചയിതാക്കൾക്ക്) കടപ്പാട് നൽകാമെന്ന് സമ്മതിക്കുന്നുണ്ട്. അത്തരത്തിലുള്ള കടപ്പാട് നൽകൽ താളിന്റെ നാൾവഴിയിലൂടെ സാധാരണ ഗതിയിൽ നൽകാവുന്നതാണ് (വിക്കിമീഡിയ-ആഭ്യന്തര പകർത്തൽ പോലുള്ളവയിൽ), എഴുത്ത് പകർത്തുമ്പോൾ കടപ്പാട്, താളിന്റെ നാൾവഴിയിൽ ലഭ്യമാകുന്ന തിരുത്തലിന്റെ സംഗ്രഹമായി നൽകിയാൽ മതിയാവും. കടപ്പാട് നിബന്ധനകൾ ചില പ്രത്യേക സന്ദർഭങ്ങളിൽ അത്യധികമായിരിക്കും (അനുമതി ഏതായാലും), അക്കാരണം കൊണ്ട് ഇറക്കുമതി ചെയ്ത എഴുത്ത് ഉപയോഗിക്കാനാവില്ല എന്ന വിക്കിമീഡിയ സമൂഹം തീരുമാനിക്കുന്ന അവസരങ്ങളും ഉണ്ടായേക്കാം.
8. ഡി.എം.സി.എ. താദാമ്യം
ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം മറ്റാർക്കും ബാദ്ധ്യതയുടെ ഭയമില്ലാതെയും മറ്റുള്ളവരുടെ ഉടമസ്ഥാവകാശം ലംഘിക്കാതെയും പുനരുപയോഗിക്കാൻ കഴിയണം എന്ന കാര്യം വിക്കിമീഡിയ ഫൗണ്ടേഷന് ഉറപ്പാക്കേണ്ടുന്നതാണ്. ഞങ്ങളുടെ ഉപയോക്താക്കളോടുള്ള സത്യസന്ധതയുടെ ഭാഗമായും, മറ്റ് സ്രഷ്ടാക്കളുടേയും പകർപ്പാവകാശ ഉടമകളുടേയും അവകാശപരിപാലനത്തിനുമായി, ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ ആക്റ്റ് (ഡി.എം.സി.എ.) പ്രകാരമുള്ള ഔപചാരികതകൾക്കും ലംഘനങ്ങളെന്ന ആരോപണ അറിയിപ്പുകൾക്കും പ്രതികരിക്കാൻ യോജിക്കുന്ന വിധത്തിലാണ് നമ്മുടെ നയം. ആവർത്തിച്ച് ലംഘനങ്ങൾ നടത്തുന്ന ഉപയോക്താക്കളേയും അംഗത്വ ഉടമകളേയും, ഞങ്ങളുടെ വ്യവസ്ഥയിൽ നിന്നും ശൃംഖലയിൽ നിന്നും യോജ്യമായ കാരണമുണ്ടായാൽ, ഡി.എം.സി.എ. അനുസരിച്ച് ഞങ്ങൾ ഒഴിവാക്കുന്നതാണ്.
എന്നിരുന്നാലും എല്ലാ ഒഴിവാക്കൽ അറിയിപ്പുകളും സാധുവല്ലെന്നോ സദുദ്ദേശത്തോടെ ഉള്ളതല്ലെന്നോ ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ, ഡി.എം.സി.എ. ഒഴിവാക്കൽ ആവശ്യം അസാധുവാണെന്നോ അനുയോജ്യമല്ലെന്നോ കരുതുന്നുവെങ്കിൽ ഉപയോക്താക്കൾ എതിർ-അറിയിപ്പ് നൽകണം എന്ന് ഞങ്ങൾ ശക്തമായി താത്പര്യപ്പെടുന്നു. ഡി.എം.സി.എ അറിയിപ്പ്, അനുയോജ്യമല്ലാത്ത വിധത്തിലാണ് ചേർത്തതെന്ന് താങ്കൾ വിചാരിക്കുന്നുവെങ്കിൽ കൂടുതൽ വിവരങ്ങൾക്ക്, ചില്ലിങ് ഇഫക്സ്റ്റ് വെബ്സൈറ്റ് സന്ദർശിക്കുക.
ഒരു പദ്ധതിയിൽ അനുയോജ്യമല്ലാത്ത വിധത്തിൽ താങ്കളുടെ അനുവാദമില്ലാതെ ചേർക്കപ്പെട്ട ഉള്ളടക്കത്തിന്റെ ഉടമയാണ് താങ്കളെങ്കിൽ, ആ ഉള്ളടക്കം ഡി.എം.സി.എ. പ്രകാരം ഒഴിവാക്കാൻ താങ്കൾക്ക് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെയുള്ള അഭ്യർത്ഥനകൾ ദയവായി legalwikimedia.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ, അല്ലെങ്കിൽ ഞങ്ങളുടെ പ്രതിനിധിയ്ക്ക് ഈ വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കുകയോ ചെയ്യുക.
താങ്കൾക്ക് ഇക്കാര്യം ഞങ്ങളുടെ സമൂഹത്തോടും ആരായാവുന്നതാണ്, ഡി.എം.സി.എ. മാർഗ്ഗങ്ങളേക്കാളും കൂടുതൽ വേഗത്തിലും കൂടുതൽ പ്രായോഗികമായും പകർപ്പവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സമൂഹത്തിന് കഴിയാറുണ്ട്. അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്. വ്യത്യസ്ത പദ്ധതികളിലെ നടപടി ക്രമങ്ങളുടെ ആധികാരികമല്ലെങ്കിലും ലളിതമായ ഒരു പട്ടിക ഇവിടെ കാണാവുന്നതാണ്. ഡി.എം.സി.എ. അവകാശം ആവശ്യപ്പെടുന്നതിനു മുമ്പായി സമൂഹത്തിന് infowikimedia.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാനും താങ്കൾക്ക് കഴിയുന്നതാണ്.
9. മൂന്നാം കക്ഷി വെബ്സൈറ്റുകളും സ്രോതസ്സുകളും
മൂന്നാം കക്ഷി വെബ്സൈറ്റുകളും സ്രോതസ്സുകളും താങ്കൾ ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താങ്കൾക്കായിരിക്കും. പദ്ധതികളിൽ മൂന്നാം കക്ഷി വെബ്സൈറ്റുകളിലേയ്ക്കും സ്രോതസ്സുകളിലേയ്ക്കും കണ്ണികളുണ്ടാവാമെങ്കിലും ഞങ്ങൾ അവയുടെ ലഭ്യത, കൃത്യത അല്ലെങ്കിൽ ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ സാദ്ധ്യത, ഉത്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ (പരിധിയില്ലാതെ വൈറസുകളും തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളുമടക്കം) എന്നിവയൊന്നും ഞങ്ങൾ അംഗീകരിക്കുകയോ ഉത്തരവാദിത്തം എടുക്കുകയോ ചെയ്യുന്നില്ല, അത്തരത്തിലുള്ള മൂന്നാം കക്ഷി ഉള്ളടക്കം ഇടയ്ക്കിടെ പരിശോധിക്കാമെന്ന് ഞങ്ങൾ യാതൊരു ഉടമ്പടിയും പാലിക്കുന്നുമില്ല.
10. വെബ്സൈറ്റുകളുടെ പരിപാലനം
വ്യത്യസ്ത പദ്ധതി പതിപ്പുകളിലെ, നയങ്ങൾ നിർമ്മിക്കുന്നതിന്റെയും പ്രയോഗിക്കുന്നതിന്റെയും പ്രധാന ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. നയത്തെ സംബന്ധിച്ച സമൂഹത്തിന്റെ തീരുമാനങ്ങളിലും അതിന്റെ പ്രയോഗത്തിലും വിക്കിമീഡിയ ഫൗണ്ടേഷൻ അപൂർവ്വമായി മാത്രമേ ഇടപെടാറുള്ളു. അസാധാരണമായ സന്ദർഭങ്ങളിൽ, അതായത്, ഒരാവശ്യമുണ്ടായാൽ, അല്ലെങ്കിൽ സമൂഹം ഞങ്ങളോട് ആവശ്യപ്പെട്ടാൽ, അല്ലെങ്കിൽ അത്യധികം പ്രശ്നകാരിയായ ഉപയോക്താവ് പ്രത്യേക പദ്ധതിയിൽ പ്രശ്നമുണ്ടാക്കുകയോ അപകടകാരിയാകുകയോ ചെയ്യുമ്പോൾ അത് നേരിടാൻ ഒക്കെ വിക്കിമീഡിയ ഫൗണ്ടേഷൻ ഇടപെട്ടേക്കാം. അത്തരം കാര്യങ്ങളിൽ, അതിനുള്ള അവകാശം, ഞങ്ങൾ ഇടപെടാമെന്ന് കരാറൊന്നുമില്ലെങ്കിലും, ഞങ്ങളിൽ നിക്ഷിപ്തമാണ്:
- (ക) ഈ ഉപയോഗനിബന്ധനകൾ, പദ്ധതി പതിപ്പിലെ നയങ്ങൾ, അല്ലെങ്കിൽ ബാധകമായ മറ്റെന്തെങ്കിലും നിയമമോ നയമോ പ്രകാരം, അല്ലെങ്കിൽ (ഖ) ബാധകമായ എന്തെങ്കിലും നിയമങ്ങൾക്കോ, നിയമ നടപടിക്രമത്തിനോ ചേരുംവിധമോ അല്ലെങ്കിൽ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമോ - താങ്കൾ സേവനം ഉപയോഗിക്കുന്നത് അന്വേഷിക്കുവാൻ;
- വഞ്ചന, സുരക്ഷ അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താനോ തടയാനോ അതുമല്ലെങ്കിൽ ഉപയോക്തൃ സഹായ അഭ്യർത്ഥന പ്രകാരം;
- ഈ ഉപയോഗനിബന്ധനകൾ ലംഘിക്കുന്ന ഏതെങ്കിലും ഉപയോക്താവിന്റെ സംഭാവനകൾ നിരസിക്കാൻ, നിർജ്ജീവമാക്കാൻ അല്ലെങ്കിൽ പരിമിതപ്പെടുത്താൻ;
- ആവർത്തിച്ചുള്ള പകർപ്പവകാശ ലംഘനം ഉൾപ്പെടെയുള്ള ഈ ഉപയോഗനിബന്ധനകൾ ലംഘിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന ഉപയോക്താവിന്റെ അംഗത്വം തടയാൻ അല്ലെങ്കിൽ തിരുത്തുന്നതിൽ നിന്നും, സംഭാവന ചെയ്യുന്നതിൽ നിന്നും ഉപയോക്താവിനെ തടയാൻ;
- ഈ ഉപയോഗനിബന്ധനകൾ ലംഘിക്കുന്ന ഉപയോക്താക്കൾക്കെതിരെ നിയമനടപടി എടുക്കാൻ (നിയമപരിപാലന വ്യവസ്ഥയെ അറിയിക്കുന്നതുൾപ്പെടെ);
- പദ്ധതി വെബ്സൈറ്റുകൾ, അവ രൂപകല്പന ചെയ്തിരിക്കുന്ന വിധത്തിൽ ശരിയായി പ്രവർത്തിക്കാനും ഒപ്പം ഞങ്ങളുടെ, ഞങ്ങളുടെ ഉപയോക്താക്കളുടെ, അനുമതി നൽകുന്നവരുടെ, പങ്കാളികളുടെ ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും, ഉടമസ്ഥാവകാശങ്ങളും ഒപ്പം സുരക്ഷയും സംരക്ഷിക്കുന്ന വിധത്തിൽ കൈകാര്യം ചെയ്യാൻ.
ഞങ്ങളുടെ ഉപയോക്താക്കളുടേയും പദ്ധതികളുടേയും താത്പര്യപ്രകാരം, ചില അത്യാവശ്യ സന്ദർഭങ്ങളിൽ, ഏതെങ്കിലും വ്യക്തിയുടെ അംഗത്വമോ അഭിഗമ്യതയോ ഈ വ്യവസ്ഥ പ്രകാരം തടയപ്പെടുകയാണെങ്കിൽ, അദ്ദേഹം അതേ പദ്ധതിയിൽ, ഞങ്ങളുടെ സുവ്യക്തമായ അനുമതിയില്ലാതെ, മറ്റൊരു അംഗത്വമുപയോഗിച്ചോ മറ്റോ കേറാൻ ശ്രമിക്കുന്നത് നിരോധിച്ചിരിക്കുന്നു. സമൂഹത്തിന്റെ മേൽക്കോയ്മയ്ക്ക് പരിധി വെയ്ക്കുന്ന വിധത്തിൽ, വിക്കിമീഡിയ ഫൗണ്ടേഷൻ ഒരു ഉപയോക്താവിനെ ഈ ഉപയോഗനിബന്ധനകളോ സമൂഹനയങ്ങളോ ലംഘിക്കാത്ത പക്ഷം ഉത്തമബോദ്ധ്യത്തോടെയുള്ള വിമർശനങ്ങളുടെ പേരിൽ മാത്രം തിരുത്തുന്നതിൽ നിന്നോ, സംഭാവന ചെയ്യുന്നതിൽ നിന്നോ തടയുകയോ നിരോധിക്കുകയോ ചെയ്യുന്നതല്ല.
വിക്കിമീഡിയ സമൂഹത്തിനും അതിലെ അംഗങ്ങൾക്കും സമൂഹത്തിന്റെ അല്ലെങ്കിൽ ഫൗണ്ടേഷന്റെ നയങ്ങൾ ബാധകമാകുന്ന അവസരത്തിൽ പ്രത്യേക പദ്ധതി പതിപ്പിൽ, ഉപയോക്താക്കൾ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം, മുന്നറിയിപ്പ് നൽകൽ, അന്വേഷിക്കൽ, തടയൽ അല്ലെങ്കിൽ നിരോധിക്കൽ തുടങ്ങിയവയടക്കം നടപടിയെടുക്കാവുന്നതാണ്. ഓരോരോ പ്രത്യേക പദ്ധതി പതിപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള തർക്കപരിഹാര മാർഗ്ഗങ്ങളിൽ (മദ്ധ്യസ്ഥ സമിതി പോലുള്ളവ) ഉരുത്തിരിയുന്ന അന്തിമ തീരുമാനം പാലിക്കാമെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്, ഇത്തരം തീരുമാനങ്ങൾ ആ പ്രത്യേക പദ്ധതി പതിപ്പിലെ നയങ്ങൾക്കനുസരിച്ച് എടുക്കുന്നതുമായേക്കാം.
വിവിധ പദ്ധതി പതിപ്പുകളിൽ അംഗത്വമോ അഭിഗമ്യതയോ തടയപ്പെട്ടിട്ടുള്ള പ്രത്യേകിച്ച് പ്രശ്നകാരികളായ ഉപയോക്താക്കൾ ആഗോള നിരോധന നയം അനുസരിച്ച് എല്ലാ പദ്ധതി പതിപ്പുകളിൽ നിന്നും തടയപ്പെട്ടേക്കാം. ബോർഡ് തീരുമാനപ്രകാരമോ അല്ലെങ്കിൽ ഈ ഉപയോഗനിബന്ധനകൾ പ്രകാരമോ, സമൂഹം സ്ഥാപിച്ചിട്ടുള്ള, ഒരു പദ്ധതി പതിപ്പിലോ വിവിധ പദ്ധതി പതിപ്പുകളിലോ (ആഗോള നിരോധന നയം പോലെയുള്ളവ) പ്രാബല്യത്തിലുള്ള നയങ്ങളുടെ വെളിച്ചത്തിൽ ബന്ധപ്പെട്ട സമൂഹത്തിന് അതിന്റെ നടപടിക്രമങ്ങളനുസരിച്ച് ഇതിൽ വേണ്ട മാറ്റം വരുത്താനാവുന്നതാണ്.
ഈ വ്യവസ്ഥ അനുസരിച്ച്, അംഗത്വമോ ലഭ്യതയോ തടയൽ അല്ലെങ്കിൽ ഉപയോക്താവിനെ നിരോധിക്കൽ തുടങ്ങിയവ ഈ ഉപയോഗനിബന്ധനകളിലെ ഭാഗം 12 അനുസരിച്ചായിരിക്കണം.
11. ഉപക്ഷേപങ്ങളും പദ്ധതി നയങ്ങളും
വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് അംഗങ്ങൾ കാലാ കാലങ്ങളിൽ ഔദ്യോഗിക നയങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. ഈ നയങ്ങളിൽ ചിലവ പ്രത്യേക പദ്ധതിയിൽ അല്ലെങ്കിൽ പദ്ധതി പതിപ്പിൽ നിർബന്ധമായിരിക്കും, അങ്ങനെയുള്ള അവസരങ്ങളിൽ അവ താങ്കൾ പാലിക്കേണ്ടതാകുന്നു.
12. നിരാസം
പദ്ധതികളിൽ താങ്കൾ തുടർന്നും സംഭാവനകൾ നൽകണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടെങ്കിലും, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് താങ്കൾക്ക് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതാണ്. ചില പ്രത്യേകസാഹചര്യങ്ങളിൽ (ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു) ഞങ്ങൾക്കോ വിക്കിമീഡിയ സമൂഹത്തിനോ അതിലെ അംഗങ്ങൾക്കോ (വിഭാഗം 10-ൽ വിശദമാക്കിയ പ്രകാരം) ഞങ്ങളുടെ സേവനങ്ങൾ ഭാഗികമായോ പൂർണ്ണമായോ അവസാനിപ്പിക്കേണ്ടി വരുകയോ, ഈ ഉപയോഗവ്യവസ്ഥകൾ അവസാനിപ്പിക്കേണ്ടിവരുകയോ, താങ്കളുടെ അംഗത്വമോ സേവനലഭ്യതയോ തടയേണ്ടിവരുകയോ, താങ്കളെ ഉപയോക്താവെന്ന നിലയിൽനിന്ന് വിലക്കുകയോ ചെയ്യേണ്ടിവന്നേക്കാം. ഏതെങ്കിലും കാരണവശാൽ താങ്കളുടെ അംഗത്വമോ സേവനലഭ്യതയോ തടയപ്പെടുകയോ അവസാനിപ്പിക്കുകയോ ചെയ്താലും താങ്കളുടെ പൊതുവായ സംഭാവനകൾ ഏവർക്കും ലഭ്യമാകും (ബാധകമായ നയങ്ങൾക്ക് വിധേയമായി), കൂടാതെ, ഞങ്ങൾ മറിച്ചൊരു അറിയിപ്പ് നൽകാത്തിടത്തോളം, പദ്ധതികളിലെ പൊതുജനലഭ്യമായ താളുകൾ വായിക്കുന്നതിനു മാത്രമായി താങ്കൾക്ക് ലഭ്യമായിരിക്കും. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ താങ്കളുടെ അംഗത്വമോ ക്രമീകരണങ്ങളോ താങ്കൾക്ക് ലഭ്യമാകണമെന്നില്ല. കാരണം കാണിച്ചോ അല്ലാതെയോ മുന്നറിയിപ്പ് നൽകിയോ അല്ലാതെയോ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും നിർത്തിവെക്കാനോ നിർത്തലാക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. താങ്കളുടെ പ്രവർത്തനങ്ങളെ വിലക്കുകയോ തടയുകയോ നിർത്തിവക്കുകയോ ചെയ്താലും, ഈ ഉപയോഗവ്യവസ്ഥകൾ, 1, 3, 4, 6, 7, 9-15, 17 വിഭാഗങ്ങളുൾപ്പടെയുള്ള സംഗതമായ വ്യവസ്ഥകളനുസരിച്ച് തുടർന്നും ബാധകമായിരിക്കും.
13. തർക്കങ്ങളും നിയമമണ്ഡലവും
പ്രധാനമായതിനാൽ എടുത്തുകാണിക്കുന്നു
താങ്കളുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എങ്കിലും, തർക്കമുണ്ടാകുന്ന പക്ഷം, പദ്ധതികളിലേയോ, പദ്ധതി പതിപ്പുകളിലേയോ വിക്കിമീഡിയ ഫൗണ്ടേഷനിലേയോ തർക്കപരിഹാര മാർഗ്ഗങ്ങളോ സൗകര്യങ്ങളോ ഉപയോഗിച്ച് താങ്കൾ പരിഹാരം കാണണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾക്കെതിരെ നിയമമാർഗ്ഗം താങ്കൾ സ്വീകരിക്കുകയാണെങ്കിൽ അത് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ കൗണ്ടിയിലെ ഫെഡറൽ കോടതിയിൽ ആയിരിക്കും എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കാലിഫോർണിയ സംസ്ഥാനത്തിലെയും, ബാധകമാകുന്ന പക്ഷം അമേരിക്കൻ ഐക്യനാടുകളിലെയും നിയമമായിരിക്കും ഈ ഉപയോഗനിബന്ധനകളെയും അതുപോലെ തന്നെ ഞങ്ങളും താങ്കളുമായി ഉണ്ടായേക്കാവുന്ന (യോജിക്കാത്ത സംഹിതകൾ ഒഴിവാക്കി) തർക്കത്തെ നിയന്ത്രിക്കുക. ഒരു നിയമനടപടി ഉണ്ടാകുന്ന പക്ഷം അല്ലെങ്കിൽ ബന്ധപ്പെട്ട ഒരു പ്രവൃത്തി കൈക്കൊള്ളുമ്പോൾ അല്ലെങ്കിൽ ഈ ഉപയോഗനിബന്ധനകൾക്കെതിരെ താങ്കൾ ഒരു വ്യക്തിപരമായ നിയമനടപടി ആവശ്യപ്പെടുമ്പോൾ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ കൗണ്ടിയിലെ കോടതികളിൽ അത് സമർപ്പിക്കും എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്.
തർക്കങ്ങൾ ഉയരുമ്പോൾ തന്നെ അവ പരിഹരിക്കപ്പെടും എന്നുറപ്പാക്കുന്നതിനുവേണ്ടി, ബാധകമായ എന്തെങ്കിലും ചട്ടങ്ങൾക്കോ നിയമങ്ങൾക്കോ വിരുദ്ധമായി, ഞങ്ങളുടെ സേവനങ്ങളിൽ നിന്നോ അവയുടെ ഉപയോഗത്തിൽ നിന്നോ അല്ലെങ്കിൽ ഈ ഉപയോഗനിബന്ധനകളിൽ നിന്നോ ഉണ്ടാകുന്ന എന്തെങ്കിലും വാദം, അല്ലെങ്കിൽ പ്രവൃത്തി ബാധകമായ ചട്ടങ്ങളോ നിയമങ്ങളോ അനുവദിക്കുന്ന പരിധിക്കുള്ളിൽ അല്ലെങ്കിൽ സത്വരമായി, വാദമുയരാനിടയായ വസ്തുതകൾ അല്ലെങ്കിൽ പ്രവൃത്തി സംഭവിച്ച ഒരു (1) വർഷത്തിനിടയിൽ, ചേർക്കേണ്ടതാണ് (അല്ലെങ്കിൽ എന്നെന്നേയ്ക്കും ഒഴിവാക്കുന്നതാണ്).
14. നിരാകരണങ്ങൾ
പ്രധാനമായതിനാൽ എടുത്തുകാണിക്കുന്നു
വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്ന് ഞങ്ങൾ വിദ്യാഭ്യാസോദ്ദേശമുള്ളതും വിവരദായകവുമായ ഉള്ളടക്കം വളരെ വിപുലമായ പ്രേക്ഷകർക്ക് നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ താങ്കൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് താങ്കളുടെ തന്നെ ഉത്തരവാദിത്തത്തിലായിരിക്കണം. ഞങ്ങൾ ഈ സേവനങ്ങൾ "എങ്ങനെയാണോ അങ്ങനെ" ഒപ്പം "ലഭ്യമാകുന്ന മുറയ്ക്ക്" ആണ് നൽകുന്നത്, എന്തെങ്കിലും സ്ഫുരിതമോ അന്തർലീനമോ ആയ യാതൊരു ഗുണമേന്മോത്തരവാദിത്തവും, അതായത് വ്യാപാരയോഗ്യമെന്നോ, അല്ലെങ്കിൽ ഒരു പ്രത്യേക ഉപയോഗത്തിന് അനുയോജ്യമെന്നോ ഉള്ളതെന്നോ അടക്കുമുള്ള എന്നാലവയിലൊതുങ്ങാത്ത ഒരു ഗുണമേന്മോത്തരവാദിത്തവും ഞങ്ങൾ നൽകുന്നതായി അവകാശപ്പെടുന്നില്ല, അതിന്റെ പേരിലുള്ള നിയമവ്യവഹാരവും ഞങ്ങൾ നിരാകരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ താങ്കളുടെ ആവശ്യത്തിനൊതുങ്ങുമെന്നോ, ഭദ്രമാണെന്നോ, സുരക്ഷിതമാണെന്നോ, തടസ്സമില്ലാത്തതാണെന്നോ, സമയത്തിന് ലഭിക്കുമെന്നോ, കൃത്യമാണെന്നോ, തെറ്റില്ലാത്തതാണെന്നോ അല്ലെങ്കിൽ താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ സുരക്ഷിതമാണെന്നോ ഒന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല.
മൂന്നാംകക്ഷികൾ നൽകുന്ന ഉള്ളടക്കത്തിനോ, വിവരങ്ങൾക്കോ, അവരുടെ പ്രവൃത്തികൾക്കോ ഞങ്ങൾ ബാദ്ധ്യസ്ഥരായിരിക്കില്ല, അത്തരത്തിലുള്ള മൂന്നാംകക്ഷികളുമായി ബന്ധപ്പെട്ട എന്തെങ്കിലും വാദങ്ങളിൽ നിന്നും നഷ്ടപരിഹാരം നേടൽ ശ്രമങ്ങളിൽ നിന്നും, അറിഞ്ഞോ അറിയാതെയോ ഞങ്ങളെ ബാധിക്കുന്ന സമീപനങ്ങളിൽ നിന്നും ഞങ്ങളെ, ഞങ്ങളുടെ മാർഗ്ഗദർശികളെ, ഓഫീസർമാരെ, ഉദ്യോഗസ്ഥരെ, പ്രതിനിധികളെ എല്ലാം താങ്കൾ വിടുതൽ നൽകിയിരിക്കണം.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്ന അല്ലെങ്കിൽ ശേഖരിക്കുന്ന എന്തും താങ്കളുടെ വിവേചനത്തിലും ഉത്തരവാദിത്തത്തിലുമായിരിക്കും, ഡൗൺലോഡ് ചെയ്യുന്ന അത്തരം കാര്യങ്ങളിൽ നിന്നും താങ്കളുടെ കമ്പ്യൂട്ടറിനുണ്ടാകുന്ന എന്ത് നാശനഷ്ടത്തിനും അല്ലെങ്കിൽ വിവരനഷ്ടത്തിനും ഉത്തരവാദി താങ്കൾ മാത്രമായിരിക്കും. എന്തെങ്കിലും മായ്ക്കപ്പെടുന്നതിന്റെയോ, ശേഖരിക്കാനോ വിതരണം ചെയ്യുവാനോ ഉള്ള തടസ്സത്തിന്റെയോ അല്ലെങ്കിൽ സേവനങ്ങൾ വഴിയുള്ള എന്തെങ്കിലും ഉള്ളടക്കത്തിന്റെയോ ആശയവിനിമയത്തിന്റെയോ ഉത്തരവാദിത്തമോ ബാദ്ധ്യതയോ ഞങ്ങൾക്കില്ലെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. ഉപയോഗത്തിനും ശേഖരണത്തിനും പരിധികൾ ഏതൊരു സമയത്തും അറിയിപ്പോടുകൂടിയോ, അറിയിപ്പില്ലാതെയോ വെയ്ക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
ചില ഭരണപ്രദേശങ്ങൾ അഥവാ നിയമമണ്ഡലങ്ങൾ ഈ ഭാഗത്ത് പരാമർശിക്കുന്ന തരത്തിലുള്ള നിരാകരണങ്ങളെ അംഗീകരിക്കുന്നില്ല, അതുകൊണ്ട് ഇത് ഭാഗികമായോ പൂർണ്ണമായോ, നിയമത്തിനനുസരിച്ച്, താങ്കൾക്ക് ബാധകമായേക്കില്ല.
15. ഉത്തരവാദിത്തത്തിന്റെ പരിധി
പ്രധാനമായതിനാൽ എടുത്തുകാണിക്കുന്നു
നേരിട്ടോ അല്ലാതെയോ, സാന്ദർഭികമായുള്ളതോ, പ്രത്യേകിച്ചുള്ളതോ, എന്തിന്റെയെങ്കിലും ഫലമായിട്ടുണ്ടാകുന്നതോ, പകർത്തുന്നതു മൂലമോ ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾക്ക്, വിക്കിമീഡിയ ഫൗണ്ടേഷൻ താങ്കളോടോ മറ്റാരോടെങ്കിലുമോ ഉത്തരവാദിയാകുകയില്ല, അത്തരത്തിലുള്ളവയിൽ, ലാഭത്തിനുണ്ടാകുന്ന കുറവ്, മൂല്യം, ഉപയോഗം, വിവരങ്ങൾ മറ്റ് അളക്കാൻ കഴിയാത്ത നഷ്ടങ്ങൾ തുടങ്ങിയവയടക്കം ഇതിൽ ഉൾപ്പെടുന്നു, ഞങ്ങളെ ഈ പ്രശ്നത്തെക്കുറിച്ച് മുമ്പെ അറിയിച്ചിട്ടുണ്ടെങ്കിലും ബാധകമാകുന്നതല്ല. ഒരു കാരണവശാലും ഞങ്ങളുടെ പരമാവധി ഉത്തരവാദിത്തം അമേരിക്കൻ ഐക്യനാടുകളിലെ ആയിരം (യു.എസ്.ഡി. 1000.00) ഡോളറിൽ ഉൾപ്പെടുന്നതാണ്. ബാധകമായ നിയമം, സാന്ദർഭികമായോ മറ്റുപ്രവർത്തികളുടെ ഫലമായോ ഉണ്ടായ തെറ്റുകുറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകൽ അല്ലെങ്കിൽ പരിമിതപ്പെടുത്തൽ നിയമം അനുവദിക്കുന്നില്ലെങ്കിൽ, മുകളിൽ നൽകിയിരിക്കുന്ന പരിമിതപ്പെടുത്തൽ അല്ലെങ്കിൽ ഒഴിവാകൽ താങ്കൾക്ക് ബാധകമായേക്കില്ല, അങ്ങനെയെങ്കിൽ ഞങ്ങളുടെ ഉത്തരവാദിത്തം നിയമം അനുവദിക്കുന്ന പരമാവധി ചെറിയ ഉത്തരവാദിത്തത്തിലേയ്ക്ക് പരിമിതപ്പെട്ടിരിക്കും.16. ഈ ഉപയോഗനിബന്ധനകളിൽ വരുത്തുന്ന മാറ്റങ്ങൾ
പദ്ധതികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും വിക്കിമീഡിയ സമൂഹത്തിന്റെ സേവനങ്ങളാവശ്യമായിരിക്കുന്നതു പോലെ തന്നെ, ഈ ഉപയോഗനിബന്ധനകൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിനും നിർമ്മിക്കുന്നതിനും സമൂഹത്തിന്റെ സഹായം അത്യന്താപേക്ഷമാണെന്ന് ഞങ്ങൾ കരുതുന്നു. ന്യായമായ ഉടമ്പടിപ്രകാരം നോക്കിയാലും അത് അത്യന്താപേക്ഷമാണ്. അതുകൊണ്ട്, ഞങ്ങൾ ഈ ഉപയോഗനിബന്ധനകളും അതുപോലെ തന്നെ ഈ ഉപയോഗനിബന്ധനകൾക്ക് ഭാവിയിലുണ്ടാകാവുന്ന മാറ്റം വരുത്തിയ പതിപ്പുകളും, സമൂഹത്തിന്റെ മുന്നിൽ അഭിപ്രായ സമാഹരണത്തിനായി കുറഞ്ഞത് മുപ്പത് (30) ദിവസമെങ്കിലും വെക്കുന്നതാണ്. ഭാവിയിൽ മുന്നോട്ടു വെയ്ക്കുന്ന പതിപ്പ് അനിവാര്യമെങ്കിൽ, കുറഞ്ഞത് മൂന്ന് ഭാഷയിൽ (ഞങ്ങൾ തിരഞ്ഞെടുക്കുന്ന ക്രമത്തിൽ) അത് പരിഭാഷപ്പെടുത്തിയ ശേഷം വീണ്ടുമൊരു മുപ്പത് ദിവസം അഭിപ്രായ സമാഹരണത്തിനായി വെയ്ക്കുന്നതായിരിക്കും. അനുയോജ്യമായ വിധത്തിൽ മറ്റു ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താൻ സമൂഹം തന്നെ മുൻകൈ എടുക്കണം എന്ന് താത്പര്യപ്പെടുന്നു. നിയമപ്രകാരമോ, കാര്യനിർവാഹക സൗകര്യത്തിനായുള്ളതോ, കൃത്യമല്ലാത്ത ഒരു പ്രസ്താവന ശരിയാക്കാനുള്ളതിനോ അല്ലെങ്കിൽ സമൂഹത്തിന്റെ അഭിപ്രായമനുസരിച്ചുള്ളതോ ആയ മാറ്റങ്ങൾക്ക് മുമ്പ് ഞങ്ങൾ കുറഞ്ഞത് മൂന്നുദിവസത്തെ അറിയിപ്പ് നൽകുന്നതായിരിക്കും.
ഈ ഉപയോഗനിബന്ധനകൾ കാലാകാലങ്ങളിൽ പുതുക്കേണ്ടി വന്നേക്കാം, അപ്പോൾ ഞങ്ങൾ പുതുക്കലിന്റെ അറിയിപ്പുകളും അഭിപ്രായമറിയിക്കാനുള്ള അവസരങ്ങളും പദ്ധതി വെബ്സൈറ്റുകൾ വഴിയും WikimediaAnnounce-L മെയിലിങ് ലിസ്റ്റ് വഴിയും അറിയിക്കുന്നതാണ്. എന്നിരുന്നാലും, ഈ ഉപയോഗനിബന്ധനകളുടെ ഏറ്റവും പുതിയ പതിപ്പ് (http://wikimediafoundation.org/wiki/Terms of use ഇവിടെ ലഭ്യമാണ്) താങ്കൾ തന്നെ നിരന്തരം സംശോധനം ചെയ്ത് കണ്ടുപിടിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. താങ്കൾ ഞങ്ങളുടെ സേവനങ്ങൾ തുടർന്നും ഉപയോഗിക്കുമ്പോൾ, പുതിയ ഉപയോഗനിബന്ധനകൾ അറിയിപ്പുകൾക്കും സംശോധന കാലയളവിനും ശേഷം സ്വീകരിക്കപ്പെടുകയാണെങ്കിൽ, അത് താങ്കൾ സ്വീകരിക്കേണ്ടതാകുന്നു. വിക്കിമീഡിയ ഫൗണ്ടേഷന്റെയും താങ്കളെ പോലെയുള്ള മറ്റ് ഉപയോക്താക്കളുടേയും സംരക്ഷണത്തിനായി, താങ്കൾക്ക് ഞങ്ങളുടെ ഉപയോഗനിബന്ധനകൾ അംഗീകരിക്കാനാകില്ലെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനുമാകില്ല.
17. മറ്റ് നിബന്ധനകൾ
ഈ ഉപയോഗനിബന്ധനകൾ താങ്കളും ഞങ്ങൾ വിക്കിമീഡിയ ഫൗണ്ടേഷനും തമ്മിൽ യാതൊരു ഉദ്യോഗസ്ഥജോലിയോ, ഏജൻസിയോ, അല്ലെങ്കിൽ സഹകരണ പ്രസ്ഥാനമോ ഉണ്ടാക്കുന്നില്ല. നാം തമ്മിൽ മറ്റൊരു ഉടമ്പടി ഒപ്പുവെച്ചിട്ടില്ല എങ്കിൽ താങ്കളും ഞങ്ങൾക്കും ഇടയിലുള്ള ഏക ഉടമ്പടി ഈ ഉപയോഗനിബന്ധനകളാണ്. ഒപ്പുവെച്ച ഉടമ്പടിയും ഈ ഉപയോഗനിബന്ധനകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, ഒപ്പുവെച്ച ഉടമ്പടിക്കായിരിക്കും പ്രാമുഖ്യം.
ഉപയോഗനിബന്ധനകളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ളവയടക്കം അറിയിപ്പുകൾ, ഇമെയിൽ വഴി, തപാൽ വഴി, അല്ലെങ്കിൽ പദ്ധതി വെബ്സൈറ്റുകളിൽ ഇടുന്നതുവഴി ഞങ്ങൾക്ക് താങ്കൾക്ക് തരാൻ കഴിയും എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്.
ഏതെങ്കിലും സന്ദർഭത്തിൽ, ഈ ഉപയോഗനിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ ഞങ്ങൾ പ്രാവർത്തികമാക്കിയില്ല, അല്ലെങ്കിൽ പ്രയോഗിച്ചില്ല എങ്കിൽ, ആ വ്യവസ്ഥ എടുത്തുകളഞ്ഞു എന്നർത്ഥമില്ല.
ഞങ്ങളുമായി ബന്ധപ്പെട്ട് മറ്റുവിധത്തിൽ കരാറുണ്ടാക്കിയിട്ടില്ലെങ്കിൽ, സമൂഹത്തിനായോ, വിക്കിമീഡിയ പദ്ധതികൾക്കായോ അല്ലെങ്കിൽ പദ്ധതി പതിപ്പുകൾക്കോ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തനത്തിന്, സംഭാവനയ്ക്ക് അല്ലെങ്കിൽ ഞങ്ങൾക്കു നൽകുന്ന എന്തെങ്കിലും ആശയത്തിന് പ്രതിഫലം ലഭിക്കുമെന്ന് കരുതേണ്ടതില്ലെന്നും താങ്കൾ മനസ്സിലാക്കേണ്ടതുണ്ട്.
ഈ ഉപയോഗനിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥയ്ക്ക് വിരുദ്ധമായി, ഞങ്ങളും (വിക്കിമീഡിയ ഫൗണ്ടേഷൻ) താങ്കളും, പദ്ധതികളിലോ പദ്ധതി പതിപ്പുകളിലോ ചേർത്തിട്ടുള്ള ഏതെങ്കിലും ബന്ധപ്പെട്ട സ്വതന്ത്ര അനുമതി, ആ സ്വതന്ത്ര അനുമതി ഈ ഉപയോഗനിബന്ധനകളാൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പക്ഷം അവയിൽ മാറ്റം വരുത്തില്ലെന്ന് പരസ്പരം സമ്മതിക്കുന്നുണ്ട്.
ഈ ഉപയോഗനിബന്ധനകൾ എഴുതപ്പെട്ടത് ഇംഗ്ലീഷിൽ (അമേരിക്ക ഐക്യനാടുകളിലെ) ആണ്. ഈ ഉപയോഗനിബന്ധനകളുടെ പരിഭാഷകൾ കൃത്യമായിരിക്കും എന്ന് ഞങ്ങൾ കരുതുന്നുവെങ്കിലും, യഥാർത്ഥ ഇംഗ്ലീഷ് പതിപ്പും ഏതെങ്കിലും പരിഭാഷയുമായി എന്തെങ്കിലും വ്യത്യാസമുണ്ടായാൽ, യഥാർത്ഥ ഇംഗ്ലീഷ് പതിപ്പ് ആയിരിക്കും പ്രാബല്യത്തിലുണ്ടാവുക.
ഈ ഉപയോഗനിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥയോ വ്യവസ്ഥയുടെ ഭാഗങ്ങളോ നിയമവിരുദ്ധമെന്നോ, ശൂന്യമെന്നോ, അപ്രായോഗികമെന്നോ കണ്ടെത്തിയാൽ, ആ വ്യവസ്ഥ അല്ലെങ്കിൽ വ്യവസ്ഥയുടെ ഭാഗം ഈ ഉപയോഗനിബന്ധനകളുടെ ഭാഗമായിട്ടല്ലാതെ അനുവദനീയമായ പരമാവധി പരിധിയിൽ പ്രയോഗിക്കാവുന്നതുമായി കരുതേണ്ടതാണ്, ഈ നിബന്ധനകളിലെ മറ്റ് വ്യവസ്ഥകൾ അപ്പോഴും പൂർണ്ണമായ ശക്തിയിലും പ്രഭാവത്തിലും പ്രയോഗിക്കത്തക്കതായിരിക്കുകയും ചെയ്യുന്നതാണ്.
നന്ദി
ഈ ഉപയോഗനിബന്ധനകൾ വായിച്ചുനോക്കാൻ താങ്കൾ സമയം ചിലവഴിച്ചത് അഭിനന്ദനാർഹമാണ്, താങ്കൾ പദ്ധതികളിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് സംഭാവനകൾ ചെയ്യുന്നത് ഞങ്ങളെ വളരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ്. താങ്കളുടെ സംഭാവനകൾ വഴി, വളരെ വലിയ - സഹകരണ മനോഭാവത്തോടെ തിരുത്തി നിർമ്മിച്ച പദ്ധതികളിൽ വിദ്യാഭ്യാസോദ്ദേശത്തോടെ ദശലക്ഷക്കണക്കിന് അറിയാനുള്ള അവസരം ലഭിക്കാത്ത ആൾക്കാർക്ക് ഉപയോഗിക്കാവുന്ന സുപ്രധാന ശേഖരം ഉണ്ടാക്കുക മാത്രമല്ല, ഉന്നതമായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സജീവ സമൂഹത്തിന്റെ ഭാഗമാകുകയുമാണ്.
- പുതുക്കിയ ഉപയോഗനിബന്ധനകൾ 25 മെയ് 2012 മുതൽ പ്രാബല്യത്തിലായി. പഴയ പതിപ്പ് http://wikimediafoundation.org/wiki/Terms_of_Use_(2009) 24 മെയ് 2012 മുതൽ അസാധുവായി. യഥാർത്ഥ ഇംഗ്ലീഷ് പതിപ്പും പരിഭാഷയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, യഥാർത്ഥ ഇംഗ്ലീഷ് പതിപ്പ് ആണ് യഥാർത്ഥമായി കണക്കാക്കേണ്ടത്.