കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
മലയാളി വോളിബോൾ താരമായ കെ.ജെ. കപിൽ ദേവ് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനും 2010ൽ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ടീമിലെ അംഗവുമായിരുന്നു. >>>
ലോക രണ്ടാം നമ്പർ വനിതാ ചെസ് താരവും നിലവിലെ ലോകവനിതാ ചെസ് ചാമ്പ്യനുമാണ് ചൈനീസ് കളിക്കാരിയായ ജു വെൻജുൻ. >>>
ഉത്തരാഖണ്ഡിലെ ഗാഢ്വാൾ ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ രുദ്രനാഥ് പഞ്ചകേദാര തീർഥാടനകേന്ദ്രങ്ങളിലൊന്നാണ്. >>>
പ്രധാനമായും ഹിന്ദി, ബംഗാളി ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന പിന്നണിഗായികയും സ്വതന്ത്ര സംഗീതജ്ഞയുമായ ഇമാൻ ചക്രബർത്തി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരജേതാവാണ്. >>>
നിക്കോളസ് വിർത്ത് രൂപകൽപ്പന ചെയ്ത് 1970ൽ പ്രസിദ്ധീകരിച്ച പ്രോഗ്രാമിംഗ് ഭാഷയായ പാസ്കൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, തത്ത്വചിന്തകനും, ഭൗതികശാസ്ത്രജ്ഞനുമായ ബ്ലേസ് പാസ്കലിന്റെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടത്. >>>
കർണാടകയിലെ ബേലൂരിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചെന്നകേശവ ക്ഷേത്രം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമാണ്. >>>
പാബ്ലോ പിക്കാസോ രചിച്ച എണ്ണച്ചായ ചിത്രമായ ദ വീപ്പിംഗ് വുമൺ ഇപ്പോൾ ലണ്ടണിലെ ടേറ്റ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണ്. >>>
ഷാർജ ഭരണകുടുംബാംഗമായ ലുബ്ന ഖാലിദ് അൽ ഖാസിമി ഐക്യ അറബ് എമിറേറ്റിൽ സഹിഷ്ണുത, സാമ്പത്തികാസൂത്രണം, അന്താരാഷ്ട്ര സഹകരണം എന്നീ മന്ത്രിസഭകളുടെ പദവികൾ വഹിച്ചിട്ടുണ്ട്. >>>
മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയായ നൂർജഹാൻറെ ശവകുടീരം പാക്കിസ്താനിലെ ലാഹോറിലെ ഷഹ്ദാര ബാഗിൽ സ്ഥിതിചെയ്യുന്നു. >>>
അമേരിക്കൻ ഷാർപ് ഷൂട്ടറായിരുന്ന ആനി ഓക്ലിലിറ്റിൽ ഷുവർ ഷോട്ട്, വതന്യ സിസില്ല എന്നീ അപരനാമധേയങ്ങളിലും അറിയപ്പെടുന്നു. >>>
തേനീച്ചയുടെ ബന്ധുവായ, ഓസ്ട്രേലിയൻ സ്വദേശിയായ ഒരു ജീവിയാണ് നീലവളയൻ തേൻവണ്ട്. ഇവയുടെ ശരീരത്തിൽ ബെൽറ്റു പോലെ നീലവളയങ്ങൾ കാണാം, ആണിന് അഞ്ച് വളയങ്ങളും പെണ്ണിനു നാലുവളയവുമാണ് ഉണ്ടാവുക. സ്വദേശം ഓസ്ട്രേലിയ ആണെങ്കിലും ഇന്ത്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഓസ്ട്രേലിയയിലെ കാർഷികവിളകളുടെ മുപ്പത് ശതമാനവും പരാഗണം നടത്തുന്നത് ഇവയാണ്.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 63,388 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.