കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതതന്ത്യ സമര സേനാനിയും മികച്ച സംഘാടകനുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 - മ. ഓഗസ്റ്റ് 19, 1948). "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിന്റെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് അതിലെ ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽയപ്പോൾ അതിന്റെയും സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, പുന്നപ്രവയലാർ സമരം, കൊച്ചിയിലെ ദേശീയപ്രസ്ഥാനം, മലബാറിലെ കാർഷിക സമരങ്ങൾ, മിൽത്തൊഴിലാളി സമരങ്ങൾ, തുടങ്ങി അക്കാലത്തെ മിക്ക ജനകീയ സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു. ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. വൈക്കത്ത് ജനിച്ച അദ്ദേഹം ആലപ്പുഴയിലെ കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒളിവിലിരിക്കുമ്പോൾ പാമ്പുകടിയേറ്റാണ് മരണപ്പെട്ടു.
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലെക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നുകിട്ടലായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യകാരണം. മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ മൈസൂരിന്റെ ഈ അധിനിവേശം സഹായിച്ചു.
ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 44,952 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.