ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല (ജനനം 1918, ജൂലൈ 18 - മരണം: 2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിൽ വർണ്ണവംശീയ വ്യത്യാസമില്ലാതെ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ആ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു . 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഇദ്ദേഹം നീഗ്രോകൾക്കെതിരെ വെള്ളക്കാർ നടത്തിയ വർണ്ണവിവേചനത്തിനെതിരെ ആദ്യം അക്രമസമരപാതയും പിന്നീട് അഹിംസാസമരമാതൃകയും പിന്തുടർന്നു. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി ഭരണകൂടം 27 വർഷത്തോളം ഇദ്ദേഹത്തെ തടവ് ശിക്ഷയ്ക് വിധേയനാക്കി. മാഡിബ എന്ന് ദക്ഷിണാഫ്രിക്കക്കാർ ബഹുമാനപുരസ്സരം വിളിക്കുന്ന മണ്ടേലയെ ലോകമെമ്പാടും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുന്നു. എന്നാൽ വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെ തീവ്രവാദിയായി വിശേഷിപ്പിച്ചു.
ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്നു ഹിപ്പോയിലെ അഗസ്തീനോസ്. വിശുദ്ധ അഗസ്റ്റിൻ (സെയ്ന്റ് അഗസ്റ്റിൻ), വിശുദ്ധ ഓസ്റ്റിൻ, ഔറേലിയുസ് അഗസ്തീനോസ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയും അഗസ്തീനോസിനെ വിശുദ്ധനും വേദപാരംഗതന്മാരിൽ മുമ്പനും ആയി മാനിക്കുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണത്തെ ഏറ്റവുമേറെ സ്വാധീനിച്ച സഭാപിതാവ് അദ്ദേഹമാണ്. അഗസ്തീനോസിന്റെ ചിന്തയും, തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും അദ്ദേഹം രൂപപ്പെടുത്തിയ നിലപാടുകളും മദ്ധ്യകാല ലോകവീക്ഷണത്തെ അടിസ്ഥാനപരമായി സ്വാധീനിച്ചു. മനുഷ്യസ്വാതന്ത്ര്യത്തിന് ദൈവത്തിന്റെ കൃപ ഒഴിച്ചുകൂടാത്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. "ജന്മപാപം", "ധർമ്മയുദ്ധം"(Just War) തുടങ്ങിയ മത, രാഷ്ട്രീയ സങ്കല്പങ്ങൾ ക്രൈസ്തവലോകത്തിന് സമ്മാനിച്ചത് അഗസ്തീനോസാണ്
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം. അധികം ആഴമില്ലാതെ ജലം - കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ - സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. മറ്റുള്ള ആവാസ വ്യവസ്ഥ കളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് തണ്ണീർത്തടങ്ങൾ. ആധുനികകാലത്തു് ഏറ്റവുമധികം പാരിസ്ഥിതിക ഭീഷണി നേരിടുന്ന ആവാസ വ്യവസ്ഥയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനിലെ റാംസറിൽ നടന്ന സമ്മേളനത്തിന്റെ പ്രധാന പ്രമേയം തണ്ണീർത്തട സംരക്ഷണമായിരുന്നു.
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കുറ്റിപ്പാണൽ, കുറുംപാണൽ, പാഞ്ചി അഥവാ പാണൽ. (ശാസ്ത്രീയനാമം: Glycosmis pentaphylla). പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. ചെടിയുടെ കായ്കളാണ് ചിത്രത്തിൽ.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 34,935 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.